കണ്ണൂർ: ചെളിക്കുളമായി പരിയാരം ഗ്രാമപഞ്ചായത്തിലെ മാവിച്ചേരി- ആലത്തട്ട് - പൂവ്വം റോഡ്. കുടിവെള്ള പൈപ്പിടാനായി എടുത്ത മണ്ണ് ഒലിച്ചിറങ്ങിയാണ് റോഡിൽ ചെളി നിറഞ്ഞത്. റോഡിന്‍റെ ശോചനീയാവസ്ഥയെ തുടർന്ന് ഒരാൾ മരിച്ചു. നിരവധി ഇരു ചക്ര വാഹങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെട്ടിട്ടും അധികൃതർ വേണ്ട നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ജപ്പാൻ കുടിവെള്ള പദ്ധതിക്ക് പൈപ്പിട്ട ശേഷം മൂടിയ ചാലിലെ മണ്ണാണ് മഴയിൽ റോഡിലേക്ക് ഒലിച്ചിറങ്ങിയത്. കൊടുംവളവും കുത്തനെയുള്ള ഇറക്കവുമുള്ള ഇവിടെ ചെളിയിൽ തെന്നി വീണ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്.സ്ഥലത്ത് സുരക്ഷ ഭിത്തി സ്ഥാപിക്കുകയും മണ്ണ് നീക്കം ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.