കണ്ണൂർ: പരിയാരം മെഡിക്കൽ കോളജ് ജീവനക്കാരനും അയൽവാസിയുമായ ആളുടെ എടിഎം കാർഡ് തട്ടിയെടുത്ത് പണം കവർന്ന കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. കടന്നപ്പള്ളി ചെറുവിച്ചേരി സ്വദേശി ലഗേഷ് ആണ് പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ജിജു കുമാറെന്ന ആളുടെ എടിഎം കാർഡ് തട്ടിയെടുത്താണ് പ്രതി പണം തട്ടിയെടുത്തത്. ജിജു കുമാറിന്‍റെ പേഴ്‌സിൽ നിന്നുമാണ് പ്രതി ലഗേഷ് എടിഎം കാർഡ് കവർന്നത്. എടിഎം കാർഡിന്‍റെ പുറകുവശത്ത് പിൻ നമ്പർ രേഖപ്പെടുത്തിയതിനാൽ പണം തട്ടിയെടുക്കാൻ പ്രതിക്ക് എളുപ്പമായി.
കഴിഞ്ഞ എട്ടാം തിയതി രണ്ട് തവണയായാണ് 37,375 രൂപ അക്കൗണ്ടിൽ നിന്നും നഷ്‌ടപ്പെട്ടതായി ജിജു പരിയാരം പൊലീസിൽ പരാതി നൽകിയത്. അതിന് ശേഷം ബാങ്കിൽ എത്തി പഴയ കാർഡ് ബ്ലോക്ക് ചെയ്‌തതിന് ശേഷം ജിജു കുമാർ പുതിയ കാർഡ് എടുക്കുകയും ചെയ്‌തു. ഇത് മനസിലാക്കിയ പ്രതി കഴിഞ്ഞ ദിവസം വീണ്ടും പുതിയ കാർഡ് പേഴ്‌സിൽ നിന്നും തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. തുടർന്ന് പരിയാരം പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.