കണ്ണൂര്‍: കേരളത്തിലെ വിപ്ലവങ്ങളുടെ നാടാണ് കണ്ണൂര്‍ എന്ന് പറയാറുണ്ട്. എന്നാല്‍ അത്തരത്തിലൊരു ചരിത്ര വിപ്ലവത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ക്രിസ്‌തീയ ദേവാലയമായ സെൻറ് ഫ്രാൻസിസ് അസീസി ദേവാലയം. ക്രൈസ്‌തവ സമുദായത്തില്‍പ്പെട്ട ഒരാള്‍ മരിച്ചാല്‍ മൃതദേഹം ശവപ്പെട്ടിയിലാക്കി സെമിത്തേരിയിലെ കല്ലറകളില്‍ അടക്കം ചെയ്യുകയാണ് പതിവ്.
നൂറ്റാണ്ടുകളായി ഈ രീതി തന്നെയാണ് സംസ്‌കാരത്തിന്‍റെ കാര്യത്തില്‍ പിന്തുടര്‍ന്ന് വരുന്നതും. ഈ പരമ്പരാഗത രീതിയില്‍ മാറ്റം വരുത്തിയിരിക്കുകയാണ് കണ്ണൂർ മേലെ ചൊവ്വ സെൻറ് ഫ്രാൻസിസ് അസീസി ദേവാലയം. കല്ലറകള്‍ക്ക് പകരമായി 'ഓര്‍മചെപ്പ്' എന്ന പേരില്‍ ആഷ് സെമിത്തേരി നിര്‍മിച്ചിരിക്കുകയാണിപ്പോള്‍ ദേവാലയത്തില്‍.
വിദേശ രാജ്യങ്ങളില്‍ ഇത്തരം സംസ്‌കാര രീതി നേരത്തെയുണ്ടെങ്കിലും ഇന്ത്യയില്‍ ഇത് അപൂര്‍വമാണ്. പള്ളിയുടെ ചുമരിനോട് ചേര്‍ന്ന് മൂന്ന് നിരകളിലായി 39 അറകളാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളത്. ഒരാള്‍ മരിച്ചാല്‍ അയാളുടെ മൃതദേഹം പുറത്തുള്ള ശ്‌മശാനങ്ങളില്‍ ദഹിപ്പിച്ച് അതിന്‍റെ ചാരം ഈ അറകളില്‍ സൂക്ഷിക്കാം.
മരണാനന്തര ചടങ്ങ് പള്ളിയില്‍ നടത്തും. ചാരം പള്ളിയില്‍ നിര്‍മിച്ചെടുത്ത ഈ അറകളില്‍ സൂക്ഷിക്കുകയും അവിടെ മെഴുകുതിരി തെളിയിച്ച് പ്രാര്‍ഥിക്കുകയും ചെയ്യാം. മരണ ശേഷമുള്ള സംസ്‌കാര ചടങ്ങുകള്‍ക്കും കല്ലറയ്‌ക്കുമായി വിശ്വാസികള്‍ ലക്ഷകണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. സെമിത്തേരിയിലെ സ്ഥല പരിമിതിയും ഏറെ പ്രയാസം സൃഷ്‌ടിക്കുന്നുണ്ട്.
ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള ബദല്‍ മാര്‍ഗം കൂടിയാണ് ആഷ് സെമിത്തേരിയെന്ന് ഇടവക വികാരി ഫാദർ തോമസ് കുളങ്ങളായി പറഞ്ഞു. പൊതു ശ്‌മശാനങ്ങളില്‍ സംസ്‌കരിക്കുന്നവരുടെ ചാരം സൂക്ഷിക്കാന്‍ സൗജന്യമായി പള്ളിയില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി നാലിന് അന്തരിച്ച മേലെ ചൊവ്വയിലെ കട്ടക്കയം ലസമ്മ സെബാസ്റ്റ്യന്‍റെ ശേഷിപ്പാണ് ആദ്യമായി ഇവിടെ അടക്കം ചെയ്‌തത്. മരണ ശേഷം പൊതു ശ്‌മശാനത്തില്‍ സംസ്‌കരിക്കണമെന്നായിരുന്നു ലെസമ്മയുടെ ആഗ്രഹം. ഈ ആഗ്രഹം പൂര്‍ത്തിയാക്കാനായാണ് മൃതദേഹം പൊതു ശ്‌മശാനത്തില്‍ സംസ്‌കരിച്ച കുടുംബം ചാരം ആഷ് സെമിത്തേരിയില്‍ സൂക്ഷിച്ചു.
പയ്യാമ്പലത്തെ പൊതു ശ്‌മശാനത്തിലാണ് ലെസമ്മയുടെ മൃതദേഹം സംസ്‌കരിച്ചത്. ലസമ്മയുടെ ഭര്‍ത്താവ് സെബാസ്റ്റ്യനും മക്കളുമാണ് ഈ ആശയം പള്ളിക്ക് മുമ്പാകെ മുന്നോട്ട് വച്ചത്. മണ്ണൂ ഭൂമിയും വെള്ളവും മലിനമാക്കാതെ മണ്ണിനോട് ചേരാന്‍ വിശ്വാസത്തെ പോലും മാറ്റി മറിച്ചിരിക്കുകയാണ് ഈ കുടുംബം. പ്രകൃതി സംരക്ഷണത്തിനായി കുടുംബം മുന്നോട്ട് വച്ച ഈ ആശയം വലിയ മാറ്റങ്ങള്‍ക്ക് തുടക്കമാവുമെന്ന വിശ്വാസത്തിലാണ് പള്ളി അധികൃതരും ക്രൈസ്‌തവ വിശ്വാസികളും.
കര്‍ണാടകയിലെ വ്യത്യസ്‌തമായൊരു സംസ്‌കാരം: കണ്ണൂരില്‍ വ്യത്യസ്‌തമായ ആഷ് കല്ലറ നിര്‍മിച്ച വാര്‍ത്ത മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. എന്നാല്‍ ഇതിന് മുമ്പ് വാര്‍ത്തകളില്‍ ഇടംപിടിച്ച മറ്റൊരു സംസ്‌കാര രീതിയായിരുന്നു കര്‍ണാടകയിലെ ഉഡുപ്പിയിലെ സഞ്ചരിക്കുന്ന ശ്‌മശാനം. സ്വന്തമായി ശ്‌മശാനമില്ലാത്ത മുടുരു ഗ്രാമവാസികള്‍ക്കായാണ് ഇത്തരമൊരു സംവിധാനം കൊണ്ടുവന്നത്. മുടുരുവിലെ കാര്‍ഷിക സഹകരണ സംഘമാണ് സഞ്ചരിക്കുന്ന ശ്‌മശാനം എന്ന പേരില്‍ പ്രശ്‌നത്തിന് പരിഹാരവുമായെത്തിയത്.
മരിച്ചവരുടെ വീട്ടിലെത്തി മൃതദേഹം സംസ്‌കരിക്കാന്‍ സാധിക്കുന്നതിനാല്‍ ശ്‌മശാനമില്ലാത്ത ഗ്രാമവാസികള്‍ക്ക് ഇപ്പോള്‍ സംസ്‌കാരം നടത്താന്‍ കിലോമീറ്ററുകള്‍ താണ്ടേണ്ടതായി വരുന്നില്ല. സംസ്‌കാരത്തിനുള്ള യന്ത്രവും ഗ്യാസും മറ്റ് ചെലവുകളുമെല്ലാം വഹിക്കുന്നത് കാര്‍ഷിക സഹകരണ സംഘം തന്നെയാണ്. ഏഴ് അടി നീളവും രണ്ട് അടി വീതിയും നാല് അടി ഉയരവുമുള്ള ഈ യന്ത്രത്തില്‍ മൃതദേഹം നിക്ഷേപിച്ച് കര്‍പ്പൂരം ഉപയോഗിച്ച് കത്തിക്കുക.
തുടര്‍ന്ന് ഇതിന്‍റെ മുകള്‍ ഭാഗം അടയ്‌ക്കുക. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സംസ്‌കാരം പൂര്‍ത്തിയാക്കാന്‍ സാധിക്കും. വായു മലിനീകരണമില്ലാതെ പരിസ്ഥിതി സൗഹൃദമാണ് ഈ സഞ്ചരിക്കുന്ന ശ്‌മശാനം.