കണ്ണൂർ: മ്യൂറൽ പെയിന്‍റിങ്ങിൽ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയാണ് സുബീഷ് ചെറുകുന്ന് എന്ന യുവ കലാകാരൻ. വർഷങ്ങളായി ചിത്രകലാ മേഖലയിൽ ഉപജീവനമാർഗം കണ്ടെത്തുന്ന സുബീഷ് ഓയിൽ പെയിന്‍റിങ്ങിലും മികവ് തെളിയിച്ചിട്ടുണ്ട്.
കുട്ടിക്കാലം മുതല്‍ ചിത്രകല സുബീഷിന്‍റെ ജീവിതത്തിന്‍റെ ഭാഗമാണ്. വാട്ടർ കളർ പെയിന്‍റിങ്ങിനോടാണ് ഏറെ ഇഷ്‌ടമെങ്കിലും ജീവിതോപാധിയെന്ന നിലയിൽ മ്യൂറൽ പെയിന്‍റിങ്ങിനാണ് ഇപ്പോൾ മുൻഗണന നൽകുന്നത്.
നിരവിധി ഗുരുക്കന്മാരുടെ കീഴിൽ അഭ്യസിക്കാനും ഒട്ടേറെ ക്ഷേത്രങ്ങളിലും വീടുകളിലും മ്യൂറൽ പെയിന്‍റിങ് ചെയ്യാൻ സാധിച്ചിട്ടുണ്ടെന്നും സുബീഷ് പറയുന്നു.
ഗീതോപദേശം, ശ്രീരാമ പട്ടാഭിഷേകം, ഗജേന്ദ്രമോക്ഷം, പാർവതി ചമയം, ശ്രീകൃഷ്ണനും ഗോപികമാരും, അനന്തശയനം തുടങ്ങിയവയാണ് മ്യൂറൽ പെയിന്‍റിങ്ങിൽ കൂടുതലായും ചെയ്തിട്ടുള്ളത്. വാട്ടർ കളർ പെയിന്‍റിങ്ങിൽ ആയിരത്തിലധികം വ്യത്യസ്‌തങ്ങളായ ചിത്രങ്ങളാണ് ഈ യുവ കലാകാരന്‍റെ കൈകളില്‍ പിറന്നിട്ടുള്ളത്.