കണ്ണൂർ: കളരിയിലെ മാരകായുധമെന്ന് അറിയപ്പെടുന്ന ഉറുമി വീശി കടത്തനാടൻ പയ്യൻ നേടിയത് ലോകറെക്കോഡ്. തുടർച്ചയായി അഞ്ച് മണിക്കൂർ നാല് മിനിറ്റ് ഉറുമി വീശിയാണ് ആരോമൽ.എം.രാമചന്ദ്രൻ എന്ന ഇരുപത്തിരണ്ടുകാരൻ ഹൈറേഞ്ച് ബുക്ക് ഓഫ് വേൾഡ് റെക്കോഡിൽ ഇടം നേടിയത്. കടത്തനാട് കെപിസി ജിഎം കളരിയിൽ നിന്നും മൂന്ന് വർഷത്തെ കഠിന പരിശീലനത്തിനൊടുവിലാണ് ലോകറെക്കോഡിലേക്കെത്തിയത്. നവംബർ 11ന് രാവിലെ ഏഴ് മണി മുതൽ 12.15 വരെയാണ് പ്രകടനം നടന്നത്. പ്രകടനത്തിനിടെ കാലിനും കൈയ്ക്കും പരിക്കേറ്റിട്ടും ഉറുമി വീശുന്നത് ആരോമൽ തുടർന്നു.
കേരളത്തിലെ പ്രസിദ്ധ കളരി കുടുംബത്തിൽ അംഗമാണ് ആരോമൽ. അച്ഛൻ രാമചന്ദ്രൻ ഗുരുക്കൾ കടത്തനാടിന്റെ പിൻമുറക്കാരൻ ആയ വടകരയിലെ പുതുപ്പണം സ്വദേശിയാണ്. രണ്ടാം വയസു മുതൽ അച്ഛനും കളരിയാശാനുമായ രാമചന്ദ്രൻ ഗുരുക്കളാണ് ആരോമലിനെ കളരി അഭ്യസിപ്പിച്ചിരുന്നത്. അമ്മ ശൈലജാ രാമചന്ദ്രൻ കേരളത്തിലെ ആദ്യ വനിതാ കളരിഗുരുക്കളാണ്.
ചെറുപ്പത്തിൽ തന്നെ കളരിപ്പയറ്റിൽ താൽപര്യം കാണിച്ചിരുന്ന ആരോമൽ എല്ലാ സംസ്ഥാന-ദേശീയ മത്സരങ്ങളിലും കേരളോത്സവ മത്സരങ്ങളിലും നിരവധി തവണ ചാമ്പ്യനായി. ഇപ്പോൾ ആലപ്പുഴ നൂറനാട് പടനിലത്ത് സ്വന്തമായി സ്ഥാപിച്ച കളരിയിൽ നൂറ്റമ്പതിലേറെ കുട്ടികളെ കളരി പരിശീലിപ്പിക്കുന്നുണ്ട്. പഠനകാലത്ത് സർവകലാശാല കളരിപ്പയറ്റ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഡൽഹി, പഞ്ചാബ് ഇന്റർനാഷണൽ സ്പോർട്സ് അക്കാദമികളിൽ വിദേശികളും സ്വദേശികളുമായ മുന്നൂറിലേറെ ഫുട്ബോൾ താരങ്ങൾക്ക് പരിശീലനം നൽകിയിട്ടുണ്ട്.