കണ്ണൂർ : കണ്ണൂരിൽ നിന്ന് 37 കിലോമീറ്റർ യാത്ര ചെയ്‌താൽ മലയോര ഗ്രാമമായ മാതമംഗലം. ചെമ്മൽ കുന്നിന്‍റെ താഴ്‌വരയിൽ വണ്ണാത്തിപ്പുഴയുടെ തീരത്ത് മാതമംഗലത്തെ റോഡരികിൽ ഒരു പ്രദേശത്തിനാകെ വിശ്വാസ അഭയ കേന്ദ്രമായ ഒരു ക്ഷേത്രമുണ്ട്. നീലയാർ ഭഗവതി ക്ഷേത്രം. എല്ലാ കളിയാട്ടക്കാലത്തും ഇവിടെ തെയ്യങ്ങൾ ഉറഞ്ഞാടും.
ഈ നാടിന്‍റെ ഗ്രാമീണ കാർഷിക സംസ്‌കൃതിയുടെ പൈതൃകം വിളിച്ചോതുന്നു എന്നതാണ് ഇവിടുത്തെ കളിയാട്ടത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. മകരം 21 മുതൽ 25 വരെ നടക്കുന്ന അഞ്ച് ദിവസത്തെ കളിയാട്ടത്തിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് അടയ്‌ക്കാത്തൂണുകൾ. ക്ഷേത്ര നടയിലെ 10 തൂണുകൾ ഉത്സവകാലത്ത് രൂപം മാറും. അടയ്‌ക്കകൾ കൊണ്ടുള്ള കാഴ്‌ച വിസ്‌മയമാകും.
എല്ലാ വർഷവും കളിയാട്ടത്തിന് ആചാര പ്രകാരം വ്രതാനുഷ്‌ഠാനങ്ങളോടെ 20,000 പഴുത്ത അടയ്ക്ക ഉപയോഗിച്ച് പരമ്പരാഗത രീതിയിലാണ് തൂണുകളുടെ നിർമാണം. സമീപ ഗ്രാമങ്ങളിലെ ലക്ഷണമൊത്ത നല്ല പഴുത്ത അടയ്‌ക്കാക്കുലകള്‍ നിലം തൊടാതെ ഇറക്കി കൊണ്ടുവന്നാണ് അലങ്കാര തൂണുകൾ ഉണ്ടാക്കുന്നത്. അഞ്ച് ദിവസങ്ങളായുള്ള കളിയാട്ടത്തിൽ മൂന്നാം നാളിലാണ് നിർമാണം. കുളിച്ച് വ്രത ശുദ്ധിയോടെ ക്ഷേത്രാങ്കണത്തിൽ ഒത്തുകൂടുന്ന സ്‌ത്രീകൾക്കാണ് തൂണുകളുടെ മേൽനോട്ടം.
അടയ്‌ക്കകൾ കുലയിൽ നിന്ന് പറിച്ചെടുത്ത് തരംതിരിച്ച് ചരടിൽ കോർത്ത് ക്ഷേത്രത്തൂണുകൾക്ക് വരിഞ്ഞുകെട്ടിയാണ് അലങ്കരിക്കുന്നത്. ഇവിടുത്തെ പ്രധാന ദൈവമായ നീലയാർ ഭഗവതിയുടെ തോറ്റം പാട്ട് തുടങ്ങുന്നത് തന്നെ 'പച്ച മാല പവിഴമാല പഴുത്ത തൂണുകളുണ്ട്' എന്ന വരികളോടെയാണ്. ഇതിനെ അന്വർഥമാക്കുന്നതാണ് ഇവിടുത്തെ അടയ്‌ക്കാത്തൂണുകൾ. മലബാറിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് അടയ്‌ക്കാത്തൂണുകളുടെ കാഴ്‌ച കാണാൻ ഇവിടെ ഭക്തർ എത്താറുണ്ട്.