കണ്ണൂർ : മറ്റൊരു ലോക്‌ഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ കൗതുകം നിറഞ്ഞ ഒരു മുൻ എംപി ഉണ്ട് കണ്ണൂരിൽ (AP Abdullakutty on Lok Sabha Election 2024). അരുവാനപ്പള്ളി പുതിയപുരക്കൽ അബ്‌ദുള്ളക്കുട്ടി അഥവാ എ പി അബ്‌ദുള്ളക്കുട്ടി. രാഷ്‌ട്രീയത്തിൽ 'കണ്ണൂരിന്‍റെ അത്‌ഭുത കുട്ടി' ആണ് അബ്‌ദുള്ളക്കുട്ടി. സിപിഎമ്മിൽ രാഷ്‌ട്രീയ പ്രവർത്തനം തുടങ്ങി എംപി ആയി, കോൺഗ്രസിൽ എംഎൽഎയും, ഇന്ന് രാജ്യം ഭരിക്കുന്ന ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനും ആയ കൗതുകം ഉള്ള രാഷ്‌ട്രീയ പാരമ്പര്യം ആണ് അബ്‌ദുള്ളക്കുട്ടിയുടേത്.
കോളജ് പഠനകാലത്ത് സിപിഎമ്മിന്‍റെ വിദ്യാർഥി സംഘടനയായ എസ്എഫ്ഐയിലൂടെയാണ് അബ്‌ദുള്ളക്കുട്ടിയുടെ രാഷ്‌ട്രീയ തുടക്കം. 1989 -1990 കാലഘട്ടത്തിൽ യൂണിവേഴ്‌സിറ്റി യൂണിയന്‍റെ ജനറൽ സെക്രട്ടറി ആയും 1995 മുതൽ 1999 വരെ കണ്ണൂർ ജില്ല പഞ്ചായത്ത് അംഗമായും ആദ്ദേഹം പ്രവർത്തിച്ചു. 1998 മുതൽ 2000 വരെ എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡന്‍റ് പദവിയിൽ ഇരിക്കെ ആണ് 1999ൽ കണ്ണൂരിൽ നിന്ന് ജനവിധി തേടുന്നത് (AP Abdullakutty political career).
അബ്‌ദുള്ളക്കുട്ടി കാട്ടിയ 'അത്‌ഭുതം' : കണ്ണൂർ പാർലമെന്‍റ് മണ്ഡലം ആർക്കും വിട്ടുകൊടുക്കില്ലെന്ന ആത്മവിശ്വാസത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസിന്‍റെയും യുഡിഎഫിന്‍റെയും തേര് തെളിക്കുന്ന കാലം. അഞ്ച് തവണ തുടർച്ചയായി കണ്ണൂർ മണ്ഡലം കണ്ണിലെ കൃഷ്‌ണമണി പോലെ സംരക്ഷിച്ചെങ്കിലും 1999ൽ മുല്ലപ്പള്ളി ഞെട്ടി. യുവ നേതാവ് ആയി വന്ന എ പി അബ്‌ദുള്ള കുട്ടി മുല്ലപ്പള്ളിയെ വീഴ്ത്തി. 2004-ലും അബ്‌ദുള്ളക്കുട്ടി അത്‌ഭുതം കാട്ടി.
ഇതോടെയാണ് കേരള രാഷ്‌ട്രീയത്തിൽ അബ്‌ദുള്ളക്കുട്ടി ശ്രദ്ധേയനാകുന്നത്. പക്ഷേ മറ്റൊരു തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, 2009ൽ വികസന രാഷ്‌ട്രീയത്തിന് അതീതമായ നിലപാട് പാർട്ടികൾ സ്വീകരിക്കണമെന്നും ഡല്‍ഹി മുഖ്യമന്ത്രി ക്ഷീല ദീക്ഷിത്തിന്‍റെയും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെയും വിജയം വികസന നയത്തിനുള്ള അംഗീകാരമാണെന്നും അബ്‌ദുല്ലക്കുട്ടി പ്രസംഗിച്ചതോടെ സിപിഎം ഞെട്ടി. 2009ൽ സിപിഎമ്മിന്‍റെ മയ്യിൽ ഏരിയ കമ്മറ്റി ഒരു വർഷത്തേക്ക് അബ്‌ദുള്ളക്കുട്ടിയെ സസ്‌പെൻഡ് ചെയ്‌തു.
2009 മാർച്ച് 7ന് എ പി അബ്‌ദുള്ളക്കുട്ടിയെ സിപിഎമ്മിൽ നിന്ന് പുറത്താക്കി. പക്ഷെ അബ്‌ദുള്ളക്കുട്ടിയെ ഇരു കയ്യും നീട്ടി കോൺഗ്രസ് സ്വീകരിച്ചു. 2009 ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ആയി മത്സരിച്ച കെ സുധാകരന് വേണ്ടി ശക്തമായി കളത്തിൽ ഇറങ്ങി. സിപിഎം സ്ഥാനാർഥി ആയ കെ കെ രാഗേഷിനെ എംഎൽഎ കൂടിയായിരുന്ന സുധാകരൻ ആട്ടിമറിച്ചതോടെ കണ്ണൂർ നിയമസഭ തെരഞ്ഞെടുപ്പിൽ ഉപതെരഞ്ഞെടുപ്പ് വന്നു. പ്രത്യുപകാരം ആയി ഒഴിവ് വന്ന കണ്ണൂർ നിയമസഭ സീറ്റിൽ കോൺഗ്രസ് അബ്‌ദുല്ല കുട്ടിക്ക് ടിക്കറ്റ് നൽകി.
ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ എം വി ജയരാജനെ തോൽപ്പിച്ച് അദ്ദേഹം നിയമസഭ അംഗമായി. 2011-ലും കണ്ണൂരിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2016ൽ കെ സുധകാരനും ആയി ഇടഞ്ഞതോടെ കണ്ണൂരിൽ നിന്ന് വിജയസാധ്യത ഇല്ലാത്ത തലശ്ശേരിയിലേക്ക് 2016-ൽ മാറ്റി. സിപിഎമ്മിലെ എ എൻ ഷംസീറിനോട് അന്ന് തോറ്റതോടെ 2019 ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ഇന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ ആണ് അബ്‌ദുള്ളക്കുട്ടി. ബിജെപിയുടെ ന്യൂനപക്ഷ മുഖങ്ങൾക്കിടയിലെ പ്രമുഖ നേതാവായി മാറി അബ്‌ദുല്ല കുട്ടി.
നരേന്ദ്ര മോദി തുടരും...: 10 വർഷം എംപി ആയിരുന്നപ്പോഴും രണ്ട് തവണ എംഎൽഎ ആയിരുന്നപ്പോഴും ജനങ്ങൾക്കിടയിൽ ആത്മാർഥമായി സേവനം നടത്തിയിട്ടുണ്ടെന്നും മാതൃകാപരമായി പ്രവർത്തിക്കാൻ കഴിഞ്ഞതായും ഉറച്ചു വിശ്വസിക്കുന്നുണ്ട് അബ്‌ദുള്ളക്കുട്ടി. നരേന്ദ്ര മോദിയുടെ കഴിഞ്ഞ 10 വർഷത്തെ ഭരണത്തിൽ ഉണ്ടായ വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് ജനങ്ങൾ വലിയ അംഗീകാരം നൽകുമെന്നും അദ്ദേഹം പറയുന്നു.
'ലോകസഭ തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനൽ എന്ന് വിശേഷിപ്പിച്ച അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചു കഴിഞ്ഞു. ഈ മുന്നേറ്റം ലോകസഭ തെരഞ്ഞെടുപ്പിലും ഉണ്ടാവും. കേരളത്തിൽ ദേശീയ നേതാക്കൾ ആരൊക്കെ മത്സരിക്കുന്നു എന്നത് പറയാൻ ഞാൻ ആളല്ല. എങ്കിലും ബിജെപി വലിയ മുന്നേറ്റം നടത്തും.
കേരളത്തിലെ എതിരാളികൾ എല്ലാം ഇപ്പോൾ ആകെ ബേജാറിലാണ്. നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ ഒരു സീറ്റ് പോലും ഇടതുമുന്നണിക്ക് ലഭിക്കില്ല എന്ന് പിണറായി വിജയന് അറിയാം. അതുകൊണ്ടാണ് മുസ്‌ലിം ലീഗിനെ ചാക്കിട്ട് പിടിക്കാനുള്ള ശ്രമം നടത്തുന്നത്.
മറ്റൊരു ഘടക കക്ഷി കൂടി എൽഡിഎഫിൽ ഇപ്പോൾ ഉണ്ട്, അത് ഹമാസ് ആണ്. എൽഡിഎഫ്, യുഡിഎഫ് എന്ന കാലാവസ്ഥ കേരളത്തിൽ മാറി. ബിജെപി വലിയ മുന്നേറ്റം സംസ്ഥാനത്ത് ഉണ്ടാക്കുമെ'ന്നും അബ്‌ദുള്ളക്കുട്ടി പറയുന്നു. ഇതിന്‍റെ പ്രതിഫലനം കണ്ണൂരിലും കാണുമെന്നാണ് മുൻ എംപി എന്ന നിലയിൽ അദ്ദേഹം വിലയിരുത്തുന്നത്