കണ്ണൂർ: ബേക്കൽ -കോവളം ജലപാത ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന മന്ത്രി തോമസ് ഐസക്കിന്‍റെ പ്രഖ്യാപനത്തിനെതിരെ ജലപാതാ വിരുദ്ധ സമിതി. എന്തടിസ്ഥാനത്തിലാണ് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പാനൂർ വഴി കടന്നു പോകുന്ന ബേക്കൽ -കോവളം ജലപാത ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചതെന്ന് വ്യക്തമാകുന്നില്ലെന്ന് ജലപാതാ വിരുദ്ധ സമിതി ആരോപിച്ചു. സ്ഥലമേറ്റെടുപ്പോ സാങ്കേതിക നടപടികളോ പൂർത്തിയാക്കാതെ 2020ൽ എങ്ങനെയാണ് ജലപാതാ തുറന്നുകൊടുക്കുകയെന്നും, ജലപാതാ പദ്ധതി ഉപേക്ഷിക്കും വരെ സമര രംഗത്തുണ്ടാകുമെന്നും സമരസമിതി നേതാക്കൾ പറഞ്ഞു. സമരസമിതിയുടെ ആഭിമുഖ്യത്തിൽ 22ന് കണ്ണൂർ കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തും.
ജലപാതയെ സംബന്ധിച്ചുള്ള അനിശ്ചിതത്വം നിലനിൽക്കുന്നതിനിടയിലും ഗ്രൗണ്ട് വർക്കുകൾ പുരോഗമിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ധനമന്ത്രി ഡോ.തോമസ് ഐസക്കിന്റെ ബജറ്റിലെ പ്രഖ്യാപനം. ജലപാത എലൈൻമെന്‍റിൽ പെട്ട ചാടാലപ്പുഴ മൊകേരി വയൽ ഭാഗത്ത് മുതുവനായി മഠപ്പുരക്ക് സമീപത്തെ റോഡിൽ ജലപാതയ്ക്കായി സർവേ കല്ലുകൾ നേരത്തെ സ്ഥാപിച്ചിരുന്നു. ഇതിനിടെ പ്രദേശവാസികൾ സംഘടിച്ചതോടെ സർവേ കല്ലിടൽ പ്രവൃത്തി മുടങ്ങി.
എലിത്തോട്, കൊച്ചിയങ്ങാടി, വയൽപീടിക എലാങ്കൊട്, കണ്ണവള്ളി, വയൽഭാഗം പാനൂർ, തൊട്ടുമ്മൽ, മോകേരി വയൽ വഴി ചാടാലപുഴ, വഴിയാണ് പഴയ എലൈൻമന്റ് തീരുമാനിച്ചത്. പിന്നീട് എതിര്‍പ്പിനെ തുടര്‍ന്ന് പുതിയ അലൈൻമെന്‍റ് തീരുമാനിക്കുകയായിരുന്നു. എലിത്തോട്, കൊച്ചിയങ്ങാടി, എലാങ്കോട് കൂറ്റേരി, ഗുരുസന്നിധി, പാനൂർ, മെകേരി വയൽ വഴി ചാടാലപുഴ വരെയാണ് പുതിയ എലൈൻമെന്‍റ്. സർവ്വേ നടന്നെങ്കിലും ഇതിന് തത്വത്തിൽ അംഗീകാരമായിട്ടില്ല എന്നാണ് സൂചനകൾ. ഗെയിൽ പൈപ്പ് ലൈൻ പദ്ധതി, 110 കെ.വി സബ് സ്റ്റേഷൻ, കനകമല ഭാഗത്തേക്കുള്ള കുടിവെള്ള പൈപ്പ് ലൈൻ എന്നിവ നിലവിൽ കടന്നു പോകുന്നത് കൂറ്റേരി വഴിയാണെന്നത് ജലപാതാ പദ്ധതിക്ക് തടസമാകും. ഇക്കാര്യങ്ങളൊക്കെ നിലനിൽക്കുമ്പോഴാണ് ബജറ്റിൽ ജലപാതയെക്കുറിച്ച് നിർണായക പ്രഖ്യാപനമുണ്ടായിരിക്കുന്നതെന്നാണ് ജലപാതാ വിരുദ്ധ സമിതിയുടെ ആക്ഷേപം.