കണ്ണൂർ: പയ്യന്നൂരിലെ അമാൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ പരാതിയുമായി കൂടുതൽ പേർ രംഗത്ത്. ശനിയാഴ്ച മാത്രം പതിനഞ്ചിലേറെ പേരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്. ഇതിൽ ഏഴ് പരാതികൾ വിദേശത്ത് നിന്നാണ്. കഴിഞ്ഞ ദിവസം ലഭിച്ച പരാതികളിൽ ആറു കേസുകൾ പയ്യന്നൂർ പൊലീസ് രജിസ്‌റ്റർ ചെയ്തിരുന്നു.
ലാഭവിഹിതം നൽകാമെന്ന വ്യവസ്ഥയിൽ സ്വീകരിച്ച പണം തിരിച്ച് നൽകാതെ വഞ്ചിച്ച സംഭവത്തിലാണ് കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. അമാൻ ഗോൾഡ് എം.ഡി രാമന്തളി വടക്കുമ്പാട്ടെ പി.കെ മൊയ‌്തു ഹാജിക്കെതിരെയാണ് കേസ് നൽകിയിരിക്കുന്നത്. ഇയാളെ കൂടാതെ എട്ട് ഡയറക്‌ടർമാരാണ് ഈ സ്ഥാപനത്തിനുള്ളത്. ഇതിൽ ഒരാൾ നാടുവിട്ടെന്നും മറ്റുള്ളവർ വിദേശ രാജ്യങ്ങളിൽ ബിസിനസ് നടത്തുകയാണെന്നുമാണ് സൂചന. നിലവിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് പുറത്ത് വന്നിരിക്കുന്നത്.