കണ്ണൂർ: ശ്രീകണ്ഠാപുരം നഗരസഭയുടെ ഷോപ്പിങ് കോംപ്ലക്‌സിന്‍റെ മറവില്‍ നഗരസഭയെ കബളിപ്പിച്ച് വന്‍ അഴിമതി നടക്കുന്നതായി ആരോപണം. നഗരസഭയുടെ കെട്ടിടത്തിലെ മുറികൾ പഞ്ചായത്തായിരുന്ന കാലത്ത് വാടകക്ക് എടുത്തവർ ലക്ഷണങ്ങളുടെ ലാഭത്തിന് മേൽ വാടകക്ക് കൈമാറുകയാണ്. കഴിഞ്ഞ 20 വർഷമായി ലേല നടപടികൾ നടത്താതെയാണ് തട്ടിപ്പ്. 2016-ൽ 10 ശതമാനം വാടക വർധിപ്പിച്ച് നഗരസഭ മൂന്ന് വർഷത്തേക്ക് പുതുക്കി നൽകുകയായിരുന്നു. ഇതോടെ നഗരസഭയ്ക്ക് പ്രതിവർഷം ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിക്കുന്നത്.
നഗരസഭക്ക് പുറത്തുള്ള ചെറുകിട വ്യാപാര കേന്ദ്രങ്ങളിൽ നിന്നും പഞ്ചായത്ത് ഭരണസമിതികൾ ലക്ഷങ്ങൾ വാടകയിനത്തിൽ കൈപ്പറ്റുമ്പോഴാണ് നഗരത്തിലെ കടമുറികൾക്ക് നാമമാത്രമായ തുക വാങ്ങുന്നത്. 500 മുതൽ 2500 രൂപവരെയാണ് ഒരു കടമുറിയില്‍ നിന്നും ലഭിക്കുന്ന വരുമാനം. എന്നാൽ മുറികൾ ലേലത്തിനെടുത്തവരില്‍ പലരും പിന്നീട് ഭീമമായ തുകയ്ക്ക് മറിച്ച് വിൽക്കുകയാണ്. ഇത്രയും വലിയ കൊള്ള കൺമുൻപിൽ നടന്നിട്ടും ഭരണപക്ഷമായ യുഡിഎഫും പ്രതിപക്ഷമായ എൽഡിഎഫും ഒത്തുകളിക്കുയാണെന്ന് ബിജെപി ആരോപിച്ചു.
നഗരസഭാ കടമുറികളുടെ പുനർലേലം സംബന്ധിച്ച് നഗരസഭയുടെ നിർദേശപ്രകാരം സെക്രട്ടറി തയ്യാറാക്കിയ റിപ്പോർട്ട് കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ യോഗത്തിൽ ചെയർമാൻ മാറ്റി വെയ്ക്കുകയായിരുന്നു. ഇത് പ്രതിപക്ഷവും സ്വാഗതം ചെയ്തു. ഇതോടെ ഭരണ പ്രതിപക്ഷങ്ങളുടെ ഒരേ നിലപാടിൽ പ്രതിഷേധിച്ച് ഭരണപക്ഷത്തെ കൗൺസിലറും യൂത്ത് കോൺഗ്രസ് നേതാവുമായ ഷിന്റോ ലൂക്ക യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. മാർച്ചിൽ കാലാവധി തീരാനിരിക്കെ പുനർലേല നടപടികൾ നടത്തുന്നുണ്ടെങ്കിൽ മൂന്ന് മാസം മുൻപ് കടയുടമകൾക്ക് നോട്ടീസ് നൽകണം. എന്നാൽ ഇത്തവണയും ലേലം നടത്താതെ നിലവിലെ കരാർ പുതുക്കി നൽകാനാണ് നീക്കം.