കണ്ണൂർ: എൽഡിഎഫ് ഭരിക്കുന്ന കണ്ണൂർ ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ സമൂഹ അടുക്കള അവസാനിപ്പിച്ചതായി ആരോപണം. ചെങ്ങളായി പഞ്ചായത്തിലെ കുടുംബശ്രീയുടെ നേതൃത്വത്തിൽ നെടുവാലൂർ യു.പി സ്‌കൂളിൽ ആയിരുന്നു സമൂഹ അടുക്കളയുടെ പ്രവർത്തനങ്ങൾ നടന്നിരുന്നത്. എന്നാൽ ഏകപക്ഷീയമായി തീരുമാനമെടുത്ത് പഞ്ചായത്ത് സമൂഹ അടുക്കള അവസാനിപ്പിച്ചുവെന്നാണ് പ്രതിപക്ഷ ആരോപണം. അർഹതപ്പെട്ടവർ ആരും ഇല്ലെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് വിശദീകരണം നൽകിയതായും പ്രതിപക്ഷം പറയുന്നു.
എന്നാൽ ഇതെല്ലാം അടിസ്ഥാനമില്ലാത്ത പ്രചാരണമാണെന്ന് ഭരണപക്ഷം പറയുന്നു. ഭക്ഷണ വിതരണത്തിൽ മുടക്കം വന്നിട്ടില്ലെന്നും പഞ്ചായത്ത് അംഗം മിനേഷ് പറഞ്ഞു. ആദ്യഘട്ടത്തിൽ ഉടമകളില്ലാത്ത അതിഥി തൊഴിലാളിക്കികൾക്ക് ഭക്ഷണം നൽകിയിരുന്നു. പിന്നീട് റവന്യൂ അധികൃതർ പഞ്ചായത്ത് വഴി ഇത്തരക്കാർക്ക് ഭക്ഷണം സാധനങ്ങൾ എത്തിച്ചു നൽകുകയും ചെയ്തു. ഇതിന്‍റെ തുടർച്ചയായി സാധങ്ങൾ വിതരണം ചെയ്യുന്നുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.
അതേസമയം സൗജന്യ റേഷൻ, സാമൂഹ്യ സുരക്ഷ പെൻഷൻ എന്നിവയുടെ വിതരണത്തിന് ശേഷം കമ്മ്യൂണിറ്റി കിച്ചൻ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. എങ്കിലും വിളിക്കുന്നവർക്ക് ഭക്ഷണം എത്തിച്ചു നൽകുന്നുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം.