കണ്ണൂർ: ഡിഗ്രി തോറ്റ വിദ്യാർഥിക്ക് കണ്ണൂർ സർവ്വകലാശാല കായിക വിദ്യാഭ്യാസ കോഴ്സിന് അഡ്മിഷൻ നൽകിയെന്ന ആരോപണവുമായി കെ എസ് യു രംഗത്ത്. ബിരുദം അടിസ്ഥാന യോഗ്യതയായി ആവശ്യപ്പെടുന്ന ബാച്ചിലർ ഓഫ് ഫിസിക്കൽ എഡുക്കേഷൻ കോഴ്സിലേക്ക് അനധികൃതമായി വിദ്യാർഥി അഡ്മിഷൻ നേടിയതായാണ് പരാതി ഉയർന്നിരിക്കുന്നത്. വിഷയം വിവാദമായതോടെ അഡ്മിഷൻ വൈസ് ചാൻസലർ റദ്ദ് ചെയ്തു. സംഭവം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. സമിതി ഒരാഴ്ചക്കകം റിപ്പോർട്ട് സമര്‍പ്പിക്കണം. കായികമേധാവിക്കെതിരെ നടപടിയെടുത്തേക്കുമെന്നും സൂചനയുണ്ട്.
കേരള സർവ്വകലാശാലയിൽ നിന്നും ബികോം പാസാകാത്ത തിരുവനന്തപുരം സ്വദേശിനിക്കാണ് സിന്‍ഡിക്കേറ്റ് അംഗത്തിന്‍റെ ഒത്താശയോടെ അഡ്മിഷൻ നേടിക്കൊടുത്തതായി കെ.എസ്.യു ആരോപിക്കുന്നത്. വിദ്യാർഥിയുടെ ഹാൾ ടിക്കറ്റ് പരിശോധനയിൽ ബിരുദം ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. പി ജിക്ക് അപേക്ഷിക്കുന്ന സമയത്ത് അവസാന വർഷം പാസാവാത്ത വിദ്യാർഥികൾക്കും കോഴ്സിന് അപേക്ഷിക്കാം എന്നുണ്ടെങ്കിലും അഡ്മിഷൻ നേടുന്ന സമയത്ത് ബിരുദം പാസായിരിക്കണം എന്നാണ് മാനദണ്ഡം. ഇതും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. ഗ്രേസ് മാർക്കിലൂടെ വിജയിപ്പിക്കണമെന്ന് വിദ്യാർഥി ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ചട്ടലംഘനത്തിൽ പ്രതിഷേധിച്ച് കണ്ണൂർ സർഷകലാശാലയിൽ കെ.എസ്.യു ഉപരോധം നടത്തി.
വിഷയം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും കെ.എസ്.യു നൽകിയ പരാതിയിൽ പരിശോധന നടക്കുകയാണെന്നും കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ അറിയിച്ചു. നടപടിക്രമങ്ങൾ പാലിക്കാതെയാണ് വിദ്യാർഥിനി അഡ്മിഷൻ നേടിയതെന്ന് വ്യക്തമായതോടെ അഡ്മിഷൻ റദ്ദ് ചെയ്തതായും അദ്ദേഹം പറഞ്ഞു. ഇതിന് മുന്‍പും കണ്ണൂരിൽ ബിരുദം ഇല്ലാത്ത വിദ്യാർഥികൾക്ക് സർവ്വകലാശാലയിൽ പിജിക്ക് പ്രവേശനം നൽകിയതിൽ പ്രതിഷേധം ഉയർന്നിരുന്നു.