കണ്ണൂര്‍ : അപൂര്‍വ വൈവിധ്യമുള്ള അനുഷ്ഠാന കലയാണ് അടിയുത്സവം. മാവിലക്കാവ് ക്ഷേത്രത്തിലെ 'അടിയുത്സവം' എക്കാലവും ജനനിബിഡമായിരിക്കും. കൊവിഡിന് ശേഷമെത്തിയ അടിയുത്സവം കാണാന്‍ പതിനായിരങ്ങളാണ് മൂന്നാം പാലത്തെ നിലാഞ്ചിറ വയലില്‍ ഒത്തുകൂടിയത്.
മൂത്ത കൂർവ്വാട്, ഇളയ കൂർവ്വാട് എന്നിങ്ങനെ രണ്ടായി തിരിഞ്ഞ് യുവാക്കള്‍ തമ്മില്‍ തല്ലുന്നതാണ് ഈ ആചാരത്തിന്‍റെ സവിശേഷത. തമ്മില്‍ തല്ലുന്ന ഇരുവരേയും ചുമലിലേറ്റുക കുളിച്ചുടുക്കുന്ന നമ്പ്യാർ സമുദായക്കാരാണ്. അടികൂടുന്നവര്‍ക്ക് അടികൈക്കോളൻമാര്‍ എന്നാണ് പേര്. ഇവരെ ചുമലില്‍ ചുമക്കുന്നവരെ അടികൊള്ളാന്‍ മരം എന്നും വിളിക്കും. ആചാര പ്രകാരം സമയമാകുമ്പോള്‍ ഇരുകൂട്ടവും അടികൂടാന്‍ തയ്യാറായി ആള്‍ക്കൂട്ടത്തിന് നടുക്കെത്തും. ഇതോടെ ആള്‍ക്കൂട്ടം ആര്‍പ്പുവിളികള്‍ ആരംഭിക്കും. ഇതോടെ സംഘം തമ്മില്‍ തല്ലും.
അടിക്കിടെ ക്ഷേത്രത്തില്‍ നിന്നും കരിമരുന്ന് പ്രയോഗം നടക്കും. ഇതോടെ അടി അവസാനിപ്പിച്ച് ഇരു സംഘവും പിരിയും. ഇതില്‍ ജയമോ തോല്‍വിയോ തീരുമാനിക്കപ്പെടുന്നില്ലെന്നതും പ്രത്യേകതയാണ്. മേടം രണ്ടിന് കച്ചേരിക്കാവിൽ അടിയുത്സവം കഴിഞ്ഞതിന് ശേഷമാണ് മേടം നാലിന് മൂന്നാം പാലം നിലാഞ്ചിറ വയലിൽ ഉത്സവം നടക്കുന്നത്.
Also Read: 'തീ'ക്കളിയായി കല്ലുഗുണ്ടി ഒത്തേക്കോല ഉത്സവം ; ആചാരം മഹാവിഷ്‌ണുവിനായി
കച്ചേരി കാവിലെ അടിയുത്സവത്തിന് ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ദൈവത്താറീശ്വരൻ പങ്കെടുക്കാറില്ല. മാവിലക്കാവിലെ അടിയുത്സവം സമാപിക്കുന്നതോടെ ജില്ലയിലെ വിഷു ആഘോഷങ്ങള്‍ക്കുകൂടിയാണ് പര്യവസാനമാകുന്നത്.