കണ്ണൂർ: നിരവധി കേസുകളില്‍ പിടികിട്ടാപ്പുള്ളിയായ കാടാച്ചിറ സ്വദേശിയെ ഗുജറാത്തിലെ ഭാവ്‌നഗറില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെ കെ.കെ നിധിൻ രാജി (30) നെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
മോഷണം, ആയുധം കൈവശം വെക്കൽ, അടിപിടി കേസുകള്‍ എന്നിവയില്‍ പ്രതിയായ നിധിൻ രാജ് 10 വര്‍ഷമായി ഒളിവിലായിരുന്നു. രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തെ തുടർന്ന് ഗുജറാത്തിലെ വിവിധ സ്ഥലങ്ങളില്‍ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. തുടർന്നാണ് ഭാവ്‌നഗറിൽ താമസിക്കുകയായിരുന്ന പ്രതിയെ കണ്ടെത്തിയത്. കണ്ണൂര്‍, വളപട്ടണം, ചക്കരക്കല്ല്, തലശ്ശേരി എന്നിവിടങ്ങളില്‍ ഇയാൾക്കെതിരെ കേസുകൾ നിലനിൽക്കുന്നുണ്ട്. കൂടാതെ ജുവനെല്‍ കോടതിയിലും കേസ് നിലവിലുണ്ട്.
സി.ഐ പ്രദീപന്‍ കണ്ണിപ്പൊയില്‍, എസ്.ഐ ബി.എസ് ബാവിഷ്, എ.എസ്.ഐ ഹാരിഷ്, എസ്.പി.ഒ രാജേഷ് അഴിക്കോട്, സി.പി.ഒ ബാബു പ്രസാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.