കണ്ണൂർ: സുന്ദരമായൊരു ജീവിതം തകർച്ചയുടെ പടുകുഴിയിലേക്ക് വീഴാൻ എത്ര സമയം വേണ്ടി വരും. അതിനുള്ള ഉത്തരങ്ങളില്‍ ഒന്നാണ് കണ്ണൂർ പയ്യന്നൂരിനടുത്ത് ചെറാട്ട് താമസിക്കുന്ന വത്സൻ കെ നായരുടെ ജീവിതം. ഒരു കാലത്ത് ശരീര സൗന്ദര്യ മത്സരരംഗത്തെ മുടിചൂടാമന്നനായിരുന്നു വത്സൻ കെ നായർ. മഹാരാഷ്‌ട്രയിലെ എട്ട് ജില്ലകളോളം ഉൾപ്പെടുന്ന വിദർഭ പ്രദേശത്തെ പ്രതിനിധീകരിച്ച് വിദർഭ ശ്രീയും, മസിൽമാൻ ഓഫ് വിദർഭയും, വിദർഭ കുമാറുമായി വത്സന്‍ നേടിയെടുത്ത പെരുമയ്‌ക്ക് കയ്യും കണക്കുമില്ല. മിസ്‌റ്റർ ഇന്ത്യ പട്ടത്തിനായി നാല് തവണ മത്സരിച്ച ഈ മിസ്‌റ്റര്‍ മഹാരാഷ്‌ട്രക്ക് ഇന്ന് ആ പ്രതാപം കൂടെയില്ല.
2002 ല്‍ നടന്ന വാഹനാപകടത്തിലാണ് മഹാരാഷ്‌ട്രയിലെ ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിൽ ജോലി ചെയ്‌തിരുന്ന വത്സന് എല്ലാം നഷ്‌ടമാകുന്നത്. അവധിക്കാലത്ത് കേരളത്തിലെത്തി മടങ്ങവെ, ട്രെയിൻ ഇറങ്ങി ടാക്‌സിയിൽ താമസ സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് വലിയ ട്രക്ക് വത്സൻ സഞ്ചരിച്ച കാറിലിടിച്ച് അപകടം സംഭവിക്കുന്നത്. ആ അപകടത്തില്‍ വത്സന്‍റെ ഭാര്യ പുഷ്‌പ ഉൾപ്പടെ മൂന്ന് പേർ മരിച്ചു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ വത്സൻ ആറ് മാസത്തോളം ബോധമില്ലാത്ത അവസ്ഥയിൽ നാഗ്‌പൂർ സെൻട്രൽ ന്യൂറോളജിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽ ചികിത്സ തേടി. ഓർമ ശക്തി പുർണമായും നഷ്‌ടപ്പെട്ട അദ്ദേഹം ഇന്നും പലയിടങ്ങളിലായി ചികിത്സ തുടരുകയുമാണ്.
കടലാസിലും ചെറുനോട്ട് ബുക്കിലും എഴുതി സൂക്ഷിച്ച ഓർമകളെ കൂടെക്കൂട്ടി ഇന്ദിര ആവാസ് യോജന പ്രകാരം ലഭിച്ച അലസമായ ഒറ്റമുറി വീട്ടില്‍ ദിനചര്യ വ്യായാമങ്ങള്‍ പോലുമില്ലാതെ ജീവിതം തള്ളിനീക്കുകയാണ് ഈ പഴയ പ്രതാപി. മഹാരാഷ്‌ട്രയിൽ കഴിയുന്ന പെൺമക്കളായ പ്രിയങ്ക വി.നായരും വൃന്ദ.വി നായരും സഹായമെത്തിക്കുന്നതിലാണ് നിലവില്‍ വത്സന്‍റെ ജീവിതത്തിലെ നിത്യ ചിലവുകൾ മുന്നോട്ട് പോകുന്നത്. അതേസമയം 20 വർഷമായി വ്യായാമ മുറകളുടെ താളുകൾ അടഞ്ഞു പോയെങ്കിലും വത്സന്‍റെ സിരകളിൽ ഇന്നും ആ പഴയ ഊർജവും പ്രസരിപ്പും പൂര്‍ണമായും വിട്ടൊഴിഞ്ഞിട്ടില്ല.