കണ്ണൂര്‍: അറുപത്തിയഞ്ചാം വയസിൽ കന്നിവോട്ട് ചെയ്യാനൊരുങ്ങുകയാണ് പരിയാരം പുളിയൂൽ സ്വദേശി മഠത്തിൽ അബ്‌ദു. കൗമാര കാലം മുതല്‍ തുടങ്ങിയ പ്രവാസ ജീവിതം അവസാനിപ്പിച്ചാണ് അബ്‌ദു തന്‍റെ ആദ്യ വോട്ട് രേഖപ്പെടുത്താൻ തയ്യാറെടുക്കുന്നത്.
വയസ് 65ആയിട്ടും ജീവിതത്തിൽ ഇതുവരെയായി വോട്ടുചെയ്യാൻ അബ്‌ദുവിന് സാധിച്ചിട്ടില്ല. 18ാം വയസില്‍ ഉപജീവനാർഥം സ്വീകരിച്ച പ്രവാസ ജീവിതം മൂലമാണ് അബ്‌ദുവിന് ഇതുവരെയായി സമ്മതിദാനാവകാശം വിനിയോഗിക്കാൻ കഴിയാതെ പോയത്. പുളിയൂല്‍ ഗവ എല്‍പി സ്‌കൂളിലെ ഒന്നാം ബൂത്തിലാണ് ഡിസംബര്‍ 14ന് അദ്ദേഹം ആദ്യമായി വോട്ടുചെയ്യുന്നത്. ബഹ്‌റിനില്‍ നിന്നും അവധിക്ക് നാട്ടിലെത്തുന്ന സമയങ്ങളിൽ തെരഞ്ഞെടുപ്പ് ഉണ്ടാകാത്തതിനാല്‍ ഒരിക്കൽ പോലും വോട്ടുചെയ്യാനും കഴിഞ്ഞില്ല.
ലോക്ക് ഡൗൺ കാലത്താണ് അബ്‌ദു തിരികെ നാട്ടിലേക്ക് മടങ്ങിയത്. ഇപ്പോള്‍ ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തുകയാണ് അദ്ദേഹം. തന്‍റെ ആദ്യ വോട്ട് നാടിന്‍റെ വികസനത്തിനും നന്മയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് നൽകുമെന്ന് അബ്‌ദു പറഞ്ഞു. ഇപ്രാവശ്യം വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്ത് ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡുമായാണ് അബ്‌ദു കന്നിവോട്ട് ചെയ്യുന്നത്. തെരഞ്ഞെടുപ്പ് അടുക്കുന്തോറും കന്നിവോട്ട് ചെയ്യാനുള്ള സന്തോഷത്തിലാണ് ഈ വയോധികൻ. ഭാര്യയും മൂന്നുമക്കളുമടങ്ങുന്നതാണ് അബ്‌ദുവിന്‍റെ കുടുംബം.