കണ്ണൂർ: കനത്ത മഴയിൽ ഇരിട്ടി പൊലീസ് സ്‌റ്റേഷനു സമീപം അന്തർ സംസ്ഥാനപാതയിലേക്ക് മരത്തിന്റെ വലിയ ശിഖരം പൊട്ടി വീണു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ഇരിട്ടി അഗ്നിരക്ഷാ സേന എത്തിയാണ് റോഡിൽ നിന്നും മരക്കമ്പുകൾ നീക്കം ചെയ്തത്.
കൂടുതൽ വായനയ്‌ക്ക്: പഴശ്ശി ഡാമിന്‍റെ ഷട്ടറുകൾ തുറന്നു
മരം വീണ് സമീപത്തെ ഇലക്ട്രിക് ലൈനുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇരിട്ടി ചവറയില്‍ സ്പെഷ്യൽ സ്കൂളിന് സമീപം വീടിന്റെ മതിൽ ഇടിഞ്ഞ് മുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. ഇരിട്ടി അഗ്നി രക്ഷാ സേനയും പ്രദേശവാസികളും ചേർന്നാണ് വാഹനങ്ങൾ നീക്കം ചെയ്തത്.
അതേസമയം, ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പഴശ്ശി ഡാമിന്‍റെ ഷട്ടറുകൾ ഭാഗികമായി തുറന്നു. വെള്ളം ഒഴുക്കിവിടുകയാണെന്നും അപകട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. വളപട്ടണം, കല്യാശേരി, മയ്യിൽ, മലപ്പട്ടം, പാപ്പിനിശേരി, പടിയൂർ, ഇരിക്കൂർ, ചെങ്ങളായി പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
പൊലീസ്, ഫയർഫോഴ്‌സ് തുടങ്ങിയവ സ്ഥലത്ത് സജ്ജമാണ്. 27.52 മീറ്ററാണ് ഡാമിന്‍റെ പരമാവധി ശേഷി. നിലവിൽ 24.55 മീറ്ററാണ് ജലനിരപ്പ്. ഓരോ മണിക്കൂറിലും ജലനിരപ്പ് 10 സെന്‍റിമീറ്റർ ഉയരുന്നുണ്ട്.