കണ്ണൂർ: കൊവിഡ്19 ബാധിച്ച കണ്ണൂർ പെരിങ്ങോം സ്വദേശിയെ ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് ചെയ്തു. ഇയാളുടെ നാലാമത്തെ പരിശോധനാ ഫലം നെഗറ്റീവായതിനെ തുടർന്നാണ് ആശുപത്രി വിട്ടത്. രോഗമില്ലെന്ന് സ്ഥിരീകരിച്ചെങ്കിലും 14 ദിവസം വീട്ടിൽ കഴിയാൻ മെഡിക്കൽ ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്.
മാര്‍ച്ച് അഞ്ചിന് കരിപ്പൂരിൽ വിമാനം ഇറങ്ങിയ ഇയാളെ പയ്യന്നൂരിലെ ഒരു ക്ലിനിക്കിൽ നടത്തിയ പരിശോധനക്ക് ശേഷമാണ് ഏഴിന് പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. നാല് ദിവസം കഴിഞ്ഞ് പ്രകടമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ഡിസ്‌ചാർജ് ചെയ്തു. പിന്നീട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ പരിയാരത്തെ സർക്കാർ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.
അതേസമയം കണ്ണൂർ ജില്ലയില്‍ കൊവിഡ് 19 ബാധ സംശയിച്ച് 25 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയിൽ അഞ്ചും കണ്ണൂർ സർക്കാർ മെഡിക്കല്‍ കോളജിൽ 11ഉം തലശേരി ജനറൽ ആശുപത്രിയിൽ ഒമ്പതും ആളുകളാണ് നിരീക്ഷണത്തിലുള്ളത് . 4,488 പേര്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നുണ്ട്. ഇതുവരെ പരിശോധനക്കയച്ച 133 സാമ്പിളുകളില്‍ ഒരെണ്ണം പോസറ്റീവും 124 എണ്ണം നെഗറ്റീവുമാണ്. എട്ടെണ്ണത്തിന്‍റെ ഫലമാണ് ഇനി വരാനുള്ളത്.