കണ്ണൂർ : പശു ഗർഭിണിയായാൽ തന്‍റെ ഉമ്മ കല്യാണത്തിന് പോലും പോകാറില്ലെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്‌ദുള്ളക്കുട്ടി. വാലന്‍റൈന്‍സ് ദിനവുമായി ബന്ധപ്പെട്ട വിവാദത്തിനാണ് രസകരമായ മറുപടിയുമായി അബ്‌ദുള്ളക്കുട്ടി രംഗത്തെത്തിയത്. കൃഷിക്കാരും പശുവും തമ്മിൽ അത്മബന്ധമുണ്ട്.
പശുവിനെ ആലിംഗനം ചെയ്യണമെന്ന കേന്ദ്ര സർക്കാർ നിർദേശം സംസ്‌കാരത്തിന്‍റേയും പാരമ്പര്യത്തിന്‍റേയും ഭാഗമായിട്ടാണ്. ഒന്നും ഒഴിവാക്കി കൊണ്ടല്ല പുതിയ നിർദേശമെന്നും അബ്‌ദുള്ളക്കുട്ടി കണ്ണൂരിൽ പറഞ്ഞു. പെട്രോൾ ഡീസൽ നികുതി ഇനത്തില്‍ കേന്ദ്രം കുറവ് വരുത്തിയെങ്കിലും കേരളം കുറച്ചില്ല. അധികാരം താത്കാലികമാണ്. ജനങ്ങളുടെ ധനം കൊള്ളയടിക്കാനുള്ള ലൈസൻസ് അല്ല അത്. കേരളം 100 രൂപ കടമെടുക്കുമ്പോൾ 3.5 രൂപയാണ് വികസന പ്രവൃത്തികൾക്ക് ഉപയോഗിക്കുന്നത്. ജി എസ് ടി വരുമാനം ഇന്ത്യയിൽ കുതിച്ചുയരുന്നു.
എന്നാൽ നികുതി പിരിക്കാൻ കേരളത്തിൽ ഒന്നും ചെയ്യുന്നില്ല. നികുതി വെട്ടിപ്പുകാരെ നിലയ്‌ക്ക് നിർത്തണമെന്നും നികുതി വർധനവിനെതിരെ ബിജെപി നടത്തിയ കണ്ണൂർ കലക്ടറേറ്റ് മാർച്ച് ഉദ്‌ഘാടനം ചെയ്‌ത് അബ്‌ദുള്ളക്കുട്ടി പറഞ്ഞു. മൂന്ന് ഹജ്ജ് എംബാർക്കേഷൻ പോയിന്‍റ് അനുവദിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്വാസികൾക്ക് നൽകിയ സമ്മാനമാണ്. ഇതോടെ കണ്ണൂർ വിമാനത്താവളത്തിന്‍റെ വികസനം പൂർണ തോതിൽ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.