കണ്ണൂർ: തളിപ്പറമ്പിൽ എടിഎം കൗണ്ടര്‍ അടിച്ചുതകര്‍ത്ത യുവാവിനെ പിടികൂടി. എടിഎം കൗണ്ടര്‍ അടിച്ചുതകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തിയത്. കുറ്റിയേരി സ്വദേശി പുതിയപുരയില്‍ രാകേഷിനെയാണ് പിടികൂടിയത്. ഇയാൾ മാനസിക രോഗിയാണെന്ന് പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് തളിപ്പറമ്പില്‍ എടിഎം അടിച്ചുതകര്‍ത്തത്. നഗരസഭാ ഷോപ്പിങ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ എടിഎം കൗണ്ടറാണ് ഇയാള്‍ അടിച്ചു തകര്‍ത്തത്. അഞ്ച് ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നതായി സീനിയര്‍ മാനേജര്‍ പി.പി. സുരേന്ദ്രന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
രാവിലെ അഞ്ചോടെ ദേശീയപാതയിലെ മില്‍മ ബൂത്തില്‍ നിന്ന് ചായ കുടിച്ച രാകേഷ് ചായ ഗ്ലാസ് കൈകൊണ്ട് അടിച്ചുതകര്‍ത്ത ശേഷം ചോരവാര്‍ന്ന കൈയോടെയാണ് എടിഎംകൗണ്ടറിലെത്തി മെഷീന്‍ അടിച്ചു തകര്‍ത്തത്. കൗണ്ടറിനകത്തെ സാധനങ്ങളെല്ലാം അടിച്ചുതകര്‍ത്ത് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാള്‍ വന്ന ബൈക്ക് റോഡിന് കുറുകെയാണ് നിര്‍ത്തിയിരുന്നത്. ദേശീയപാതയിലും മെയിന്‍ റോഡിലും വാഹനങ്ങള്‍ തടയുകയും ചെയ്തു. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നതിനാല്‍ പൊലീസ് ബന്ധുക്കളെ വിളിച്ചുവരുത്തി.