കണ്ണൂർ: ഒരു തെച്ചിച്ചെടിയിൽ 28 ഇനം തെച്ചിത്തൈകൾ ബഡ്ഡ് ചെയ്‌ത് വിരിയിച്ച് തളിപ്പറമ്പ് കുറ്റിക്കോൽ സ്വദേശി ചന്ദ്രൻ. ഒരു മാവിൽ 22 മാവിൻതൈകൾ ബഡ്ഡ് ചെയ്‌തതിൽ ഏഴ് എണ്ണം കായ്ച്ചതാണ് പുതിയ പരീക്ഷണത്തിനൊരുങ്ങാൻ ചന്ദ്രനെ പ്രേരിപ്പിച്ചത്. ഒരു മാവിൽ തന്നെ ഏഴ് മാങ്ങകൾ കായ്‌ച്ചത് കാഴ്‌ചക്കാർക്കും വിസ്‌മയമായിരുന്നു.
ലോക്ക്ഡൗണിലാണ് ചന്ദ്രന്‍ തന്‍റെ ബഡ്ഡിങ് പരീക്ഷണങ്ങൾ ആരംഭിച്ചത്. മാവിലും തെറ്റിയിലും മാത്രം ഒതുങ്ങുന്നതല്ല ചന്ദ്രന്‍റെ ബഡ്ഡിങ് പരീക്ഷണങ്ങൾ. ഒന്നര വർഷം മുൻപ് വീട്ടിലെ വെള്ള തെച്ചി ചെടിയിലാണ് താമര തെച്ചി, തോട്ട തെച്ചി തുടങ്ങി നാട്ടിൻപുറങ്ങളിൽ കണ്ടുവരുന്ന എല്ലാ തെച്ചി ചെടികളും ഒട്ടിച്ച് ചേർത്തത്. വർഷങ്ങൾക്കിപ്പുറം ഒരൊറ്റ ചെടിയിൽ വിവിധ നിറങ്ങളിൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്ന കാഴ്ച ആരെയും വിസ്‌മയിപ്പിക്കുന്നതാണ്.
മിനിയേച്ചർ തരം തെച്ചികൾ ചെടിയുടെ താഴ്‌ഭാഗത്തും മറ്റുള്ളവ മുകൾഭാഗത്തുമായാണ് ബഡ്ഡ് ചെയ്ത് ചേർത്തിരിക്കുന്നത്. കാട്ട് തെച്ചി ഇനത്തിൽ ഇതുപോലെ നിരവധി ചെടികൾ വിരിയിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പറശ്ശിനിക്കടവ് പാമ്പുവളർത്തൽ കേന്ദ്രത്തിലെ മുൻ ഇൻസ്പെക്‌ടറായിരുന്ന ചന്ദ്രൻ.
അഡീനിയം ചെടികളിലും ചന്ദ്രൻ ബഡ്ഡിങ് പരീക്ഷിച്ചിട്ടുണ്ട്. 30ലധികം മാവുകൾ ഒട്ടിച്ച് ചേർത്തും വിജയം പ്രതീക്ഷിച്ചിരിക്കുകയാണ് ചന്ദ്രൻ.
Also Read: ജി.സുധാകരന് പരസ്യ ശാസന, അച്ചടക്ക നടപടിയുമായി സിപിഎം