കണ്ണൂർ: ജില്ലയില്‍ 14 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ അഞ്ച് പേര്‍ക്കും പരിയാരം ഗവ മെഡിക്കല്‍ കോളജിലെ അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ നാല് പേര്‍ക്കും രോഗബാധ ഉണ്ടായി. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 1381 ആയി. 41 പേര്‍ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 890 ആയി. ബാക്കി 491 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 9842 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററിൽ 109 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 145 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 12 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 24 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 18 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 16 പേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടു പേരും ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററുകളിൽ 128 പേരും വീടുകളില്‍ 9388 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 29913 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 28667 എണ്ണത്തിന്‍റെ ഫലം വന്നു. 1246 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.