കണ്ണൂർ: ജില്ലയില്‍ 13 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയ്‌ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. ആന്തൂര്‍ 6, ഇരിട്ടി 21, പയ്യന്നൂര്‍ 28, മാലൂര്‍ 7 എന്നീ വാര്‍ഡുകളാണ് പുതുതായി കണ്ടെയ്‌ന്‍മെന്‍റ് സോണുകളായത്. ഇവിടങ്ങളില്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നതിനാല്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയ്‌ന്‍മെന്‍റ് സോണുകളാക്കുക.
ഇതിന് പുറമെ സമ്പര്‍ക്കം മൂലം രോഗ പടര്‍ന്ന ആന്തൂര്‍ 26, കടന്നപ്പള്ളി പാണപ്പുഴ 7, മട്ടന്നൂര്‍ 15, പായം 12, പടിയൂര്‍ കല്ല്യാട് 12, ഉദയഗിരി 6, തളിപറമ്പ 12, മലപ്പട്ടം 1, ചെങ്ങളായി 12 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. അതിനിടെ ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും സമ്പര്‍ക്കത്തിലൂടെയുള്ള രോഗ വ്യാപനം കൂടിവരികയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്തുന്നതിനായി ജില്ലാ കലക്ടര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സന്നദ്ധ സംഘടനകള്‍, ക്ലബുകള്‍, വായനശാലകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, മറ്റ് കൂട്ടായ്മകള്‍ എന്നിവ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ ആളുകള്‍ കൂടുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
എന്തൊക്കെയാണ് നിയന്ത്രണങ്ങള്‍
1) വായനശാലകളില്‍ ഇരുന്നുകൊണ്ടുള്ള വായന അനുവദനീയമല്ല.
2) ലൈബ്രറിയില്‍ നിന്നും പുസ്തകങ്ങള്‍ നല്‍കുന്ന അവസരങ്ങളില്‍ ഒന്നില്‍ കൂടുതല്‍ വ്യക്തികളെ ലൈബ്രറിക്കുള്ളില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളതല്ല. പുസ്തക വിതരണ വേളകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കേണ്ടതും കൈകള്‍ അണുവിമുക്തമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.
3) ക്ലബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവ നടത്തുന്ന പ്രതിമാസ യോഗങ്ങള്‍ ഒഴിവാക്കണം. ഒഴിവാക്കാന്‍ പറ്റാത്ത യോഗങ്ങള്‍ ഓണ്‍ലൈന്‍ ആയി നടത്താവുന്നതാണ്.
4) ക്ലബുകള്‍, വായനശാലകള്‍, റസിഡന്‍സ് അസോസിയേഷന്‍ മുതലായവ നടത്തുന്ന പ്രതിമാസ ചിട്ടികള്‍, മറ്റ് രീതിയിലുള്ള ധന സമാഹരണ പ്രവര്‍ത്തനങ്ങള്‍ മുതലായവ പരിമിതമായ വ്യക്തികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തേണ്ടതാണ്.
5) ഇത്തരം സംഘടനകള്‍ നടത്തുന്ന എല്ലാ രീതിയിലുള്ള കൂട്ടംകൂടിയുള്ള കായിക വിനോദ പരിപാടികളും കര്‍ശനമായി ഒഴിവാക്കേണ്ടതാണ്.
നിയന്ത്രങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ ദുരന്തനിവാരണ നിയമം, കേരള പകര്‍ച്ച വ്യാധി നിയന്ത്രണ നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.