ഇടുക്കി: കച്ചവടം അവസാനിപ്പിച്ച തട്ടുകടയിൽ നിന്നും ഭക്ഷണം നൽകാത്തതിനെ തുടർന്ന് ജീവനക്കാരന്‍റെ മൂക്ക് കടിച്ചു പറിച്ചു (Assaulted the shopkeeper). ഇടുക്കി പുളിയന്മലയിലാണ് സംഭവം. കട്ടപ്പന പുളിയൻമല സ്കൂൾ മേട് സ്വദേശി ചിത്രാഭവൻ ശിവശങ്കറിനാണ് പരിക്കേറ്റത്. പരിക്കേറ്റ പുളിയന്മല ചിത്ര ഭവനിൽ ശിവശങ്കറിനെ പ്ലാസ്‌റ്റിക്ക് സർജറിക്ക് വിധേയനാക്കി. കഴിഞ്ഞ ശനിയാഴ്‌ച രാത്രി പത്തരയോടെയാണ് സംഭവം നടന്നത്.
പുളിയന്മലയിൽ തമിഴ്‌നാട് സ്വദേശി കവിയരശന്‍റെ തട്ടുകടയിലെ ജീവനക്കാരനായ ശിവശങ്കറിനെ പ്രദേശവാസിയായ സുജീഷ് എന്ന യുവാവാണ് ആക്രമിച്ചത്. എതിർ വശത്ത് ബേക്കറി നടത്തുന്നയാളുടെ മകനാണ് സുജീഷ്. തട്ടുകടയിലെ സാധനങ്ങൾ തീർന്നതിനൊപ്പം മഴയുമുണ്ടായിരുന്നതിനാൽ കട നേരത്തെ അടക്കാൻ തുടങ്ങുന്നതിനിടെയാണ് അതിക്രമം ഉണ്ടായത്. പുളിയൻമല അമ്പലമേട്ടിൽ താമസിക്കുന്ന സുജീഷ് കടയിലെത്തി ഭക്ഷണം ആവശ്യപ്പെട്ടു.
പരിചയത്തിന്‍റെ പേരിൽ ജീവനക്കാർക്കായി വച്ചിരുന്ന ദോശയിലൊന്ന് ഇയാൾക്ക് നൽകി. എന്നാൽ ദോശക്കൊപ്പം കറി ഇല്ലാതിരുന്നതിനെ ചൊല്ലി തർക്കമായി. ഇതിനിടെ സുജീഷ് കടയിലെ സാധനങ്ങൾ നശിപ്പിക്കുകയും ശിവശങ്കറിനെ മർദിക്കുകയുമായിരുന്നു. ആക്രമണത്തിനിടെ സുജീഷിന്‍റെ കടിയേറ്റ് ശിവശങ്കറിന്‍റെ മൂക്കിന് മുറിവേൽക്കുകയായിരുന്നു.
മർദനം തടയാനെത്തിയ മറ്റു രണ്ടു ജീവനക്കാരെയും ഇയാൾ ആക്രമിച്ചതായി പരാതിയുണ്ട്. പരിക്കേറ്റ ശിവയെ വിദഗ്‌ദ ചികിത്സക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിനിടെ പരിക്കേറ്റ സുജീഷും കട്ടപ്പനയിലെ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ഇരുകൂട്ടരും തമ്മിൽ വാട്ടർ കണക്ഷനെ ചൊല്ലി തർക്കം നിലനിന്നിരുന്നതാണ്.
ശിവശങ്കറിന്‍റെ പരാതിയിൽ വണ്ടൻമേട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ ശിവശങ്കറിനേ കട്ടപ്പന താലൂക്കാശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് വിദഗ്ദ ചികിത്സക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
തട്ടുകടക്കാരിയെയും മകനെയും മർദിച്ചു: പത്തനംതിട്ട കുമ്പനാട് തട്ടുകട നടത്തുന്ന ലിസി ജോയിയെയും മകനെയുമാണ് പ്രതികൾ ക്രൂരമായി മർദിച്ചത്. ബൈക്കിൽ എത്തിയ പ്രതികൾ ഭക്ഷണം ചോദിച്ചപ്പോൾ തീർന്നുപോയെന്ന് പറഞ്ഞതിൽ പ്രകോപിതരായി ലിസിയെയും മകനെയും ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കോയിപ്രം കുമ്പനാട് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ നാലിന് രാത്രിയായിരുന്നു സംഭവം.
കേസിൽ ഒന്നാം പ്രതിയായ സുനിൽ അസഭ്യം പറഞ്ഞ് ഉപദ്രവിക്കാൻ തുടങ്ങിയപ്പോൾ, കടയുടെ സമീപത്തുനിന്ന രാജൻ എന്നയാൾ ഇത് ചോദ്യം ചെയ്‌തു. ഇയാളെ പ്രതികൾ തല്ലിയപ്പോൾ പിടിച്ചുമാറ്റാനെത്തിയ ലിസിയുടെ മകൻ അനീഷ് കുമാറിനെ പ്രതികൾ മർദിക്കുകയായിരുന്നു. മകനെ പ്രതികൾ തല്ലുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് ലിസിക്ക് മർദനമേറ്റത്. പ്രതികളിലൊരാൾ ബൈക്കിലുണ്ടായിരുന്ന ഇരുമ്പ് കമ്പികൊണ്ട് ലിസിയുടെ മകനെ അടിച്ചു.
സംഭവത്തിൽ രണ്ടുപേരെയും 6-10-2022 ല്‍ പോലീസ് കസ്‌റ്റഡിയിലെടുത്തു. മുണ്ടമല സ്വദേശി പ്രസ്‌റ്റീൻ രാജു (24), കോയിപ്രം സ്വദേശി ഷാരോൺ ഷാജി (22) എന്നിവരാണ് അറസ്റ്റിലായത്. രണ്ടും മൂന്നും പ്രതികളാണ് പിടിയിലായവർ. ഒന്നാം പ്രതി സുനിൽ ഒളിവിലാണെന്നാണ് വിവരം. മൂന്നാം പ്രതി ഷാരോൺ ഷാജി നിരവധി മോഷണ കേസുകളിൽ പ്രതിയാണ്. പ്രതികൾ കഞ്ചാവ് പോലെയുള്ള ലഹരിവസ്‌തുക്കൾ സ്ഥിരമായി ഉപയോഗിക്കുന്നവരും മോഷണം, അടിപിടി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരുമാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തിരുന്നു.
ALSO READ: ഭാര്യ ഭക്ഷണം വിളമ്പാൻ വൈകി: പ്രകോപിതനായ യുവാവ് 8 വയസുള്ള മകനെ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തി