ഇടുക്കി : പ്രണയം നടിച്ച്, 17കാരിയെ പീഡിപ്പിച്ച രണ്ട് യുവാക്കള്‍ പിടിയില്‍. ഇടുക്കി കൂട്ടാര്‍ സ്വദേശികളായ യുവാക്കളെയാണ് നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്‌തത് (Youth Arrested For Molesting Minor Girl). സമൂഹ മാധ്യമം വഴി പെണ്‍കുട്ടിയുമായി അടുത്ത ശേഷം, പീഡിപ്പിക്കുകയും പിന്നീട് വീഡിയോ പകര്‍ത്തി, ഭീഷണിപ്പെടുത്തി പല തവണ പീഡിപ്പിക്കുകയുമായിരുന്നു (Minor Girl Molested by Instagram Friends).
കൂട്ടാര്‍ സ്വദേശികളായ അല്ലിയാര്‍ മഞ്ജു ഭവന്‍ നിഖില്‍, ചക്കുകളംപടി അടിമാക്കല്‍ ആരോമല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്‍സ്റ്റഗ്രാം വഴി നിഖില്‍, 17കാരിയുമായി പ്രണയത്തിലാവുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ, കൂട്ടാറിലെ ഒരു വീട്ടില്‍ എത്തിച്ച് പല തവണ പീഡിപ്പിച്ചു.
ഇതിനിടെ നിഖിലിന് മറ്റൊരു പ്രണയം ഉണ്ടെന്നറിഞ്ഞതോടെ, ഇയാളുമായി പെണ്‍കുട്ടി അകന്നു. ഇതോടെ ആരോമല്‍ കുട്ടിയുമായി അടുക്കുകയും പീഡനം നടത്തി വീഡിയോ പകര്‍ത്തുകയും ചെയ്‌തു. ഈ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയും പല തവണ പീഡനം തുടര്‍ന്നു. തുടര്‍ന്ന് മാനസിക സംഘര്‍ഷത്തിലായ പെണ്‍കുട്ടി കൗണ്‍സിലിങ്ങിനിടെയാണ് പീഡന വിവരം പറയുന്നത്. തുടര്‍ന്ന് നെടുങ്കണ്ടം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
17കാരിയെ പീഡിപ്പിച്ച സഹോദരന്‍ അറസ്റ്റില്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് കോഴിക്കോട് താമരശ്ശേരിയില്‍ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. 17 കാരിയായ പെണ്‍കുട്ടിയെ 19കാരനായ സഹോദരന്‍ രണ്ട് വര്‍ഷമാണ് പീഡനത്തിന് ഇരയാക്കിയത്. വയനാട് സ്വദേശികളായ ഇവർ ജോലി ആവശ്യത്തിനായാണ് താമരശ്ശേരിക്ക് സമീപം വീട് വാടകയ്‌ക്കെടുത്ത് താമസം തുടങ്ങിയത്.
അമ്മ വീട്ടുജോലിക്ക് പോയിരുന്ന സമയങ്ങളിലായിരുന്നു സഹോദരന്‍റെ അതിക്രമം. സുഹൃത്തുമായുള്ള ഫോൺ സംഭാഷണം അമ്മയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവാവ് പെണ്‍കുട്ടിയെ നിരന്തരം പീഡനത്തിനിരയാക്കിയത്. ഈ വിവരം ദിവസങ്ങള്‍ക്ക് മുമ്പ് പെൺകുട്ടി സ്‌കൂളിലെ കൂട്ടുകാരിയോട് വെളിപ്പെടുത്തി.
തുടർന്ന് സുഹൃത്താണ് പീഡനവിവരം അധ്യാപകരോട് പറഞ്ഞത്. അധ്യാപകർ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്‌ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Also Read : Brother Arrested For Molesting Minor Girl: പതിനേഴുകാരിയെ പീഡിപ്പിച്ചത് 2 വർഷം; 19കാരനായ സഹോദരൻ പിടിയിൽ
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനം : പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ 20കാരൻ പിടിയിലായിരുന്നു. പന്തളം തെക്കേക്കര സ്വദേശി അഭിജിത് കെ എസ് (20) ആണ് അറസ്റ്റിലായത്. കൊടുമൺ പൊലീസാണ് ഇയാളെ പിടികൂടിയത്. 2021 സെപ്‌റ്റംബറിലായിരുന്നു കേസിനാസ്‌പദമായ സംഭവം.
പെൺകുട്ടിയെ പല തവണ ഇയാൾ പീഡനത്തിനിരയാക്കി എന്നാണ് പരാതി. ഇരുവരുടെയും വീഡിയോ കയ്യിലുണ്ട് എന്ന് പറഞ്ഞ് പെൺകുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. സെപ്‌റ്റംബർ 14 ന് രാത്രി എട്ട് മണിയോടെ കൊടുമൺ പൊലീസ് ഇൻസ്‌പെക്‌ടർ വി എസ് പ്രവീണിന്‍റെ നേതൃത്വത്തിൽ പ്രതിയെ പിടികൂടി.