ഇടുക്കി: കട്ടപ്പന പൂവേഴ്സ് മൗണ്ടിൽ കുക്കർ പൊട്ടി തെറിച്ചു വീട്ടുടമ മരിച്ചു. കട്ടപ്പന പൂവേഴ്സ് മൗണ്ട് സ്വദേശി ഊര്യകുന്നത്ത് ഷിബുവാണ് മരിച്ചത്. 24.04.22ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. ഭാര്യ ഗർഭിണിയായതോടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വീട്ടിലെ ജോലികൾ ഷിബു ആയിരുന്നു നോക്കിയിരുന്നത്. പതിവു പോലെ രാവിലെയും ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് കുക്കർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്.
പൊട്ടിത്തെറിച്ച കുക്കറിന്റെ അടപ്പ് ഷിബുവിന്റെ തലയിൽ കൊള്ളുകയായിരുന്നു. ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്ന ഷിബുവിന്റെ ഭാര്യയും പിതാവും പ്രദേശവാസികളുടെ സഹായത്തോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തലക്ക് കാര്യമായി പരിക്കേറ്റ് രക്തം കട്ട പിടിച്ച സാഹചര്യത്തിൽ ഷിബുവിനെ അടിയന്തര ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ചെങ്കിലും നാല് മണിയോടെ മരിച്ചു. ഷിബുവിന് ഭാര്യയും രണ്ട് കുട്ടികളുമാണ് ഉള്ളത്.