ഇടുക്കി: മത്സ്യകൃഷിയില്‍ നൂറുമേനി വിളവുകൊയ്‌ത് കട്ടപ്പന നരിയംപാറ സ്വദേശി കടപ്ലാക്കൽ ടോവി. പുരയിടത്തിലെ അരയേക്കര്‍ കുളത്തിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ യുവകര്‍ഷകന്‍ കൃഷി ആരംഭിച്ചത്. കൃഷി ആരംഭിക്കാന്‍ തീരുമാനിച്ചതോടെ ഫിഷറീസ് വകുപ്പും പിന്തുണയുമായെത്തി. ഗിഫ്റ്റ് തിലോപ്പിയ, ഗോൾഡ് ഫിഷ്, ഗ്രാസ് കാർപ്പ്, കൊയ് കാർപ്പ് എന്നിങ്ങനെ വിപണിയിൽ ആവശ്യക്കാർ ഏറെയുള്ള 5,000 മത്സ്യകുഞ്ഞുങ്ങളെയാണ് മികച്ച പരിപാലനത്തിലൂടെ ഈ യുവ കര്‍ഷകന്‍ വളര്‍ത്തിയെടുത്തത്.
സ്വാഭാവിക നീരൊഴുക്കും ഓക്‌സിജന്‍റെയും അമോണിയത്തിന്‍റെയും അളവ് ക്രമീകരിക്കാന്‍ സാധിച്ചതും കൃഷിക്ക് കൂടുതല്‍ ഗുണം ചെയ്‌തു. തീറ്റപ്പുല്ല്, തവിട്, പപ്പായ ഇല എന്നിവയാണ് മത്സ്യങ്ങൾക്ക് തീറ്റയായി ടോവി നല്‍കുന്നത്. കൃഷി വിജയമായതിനാല്‍ പ്രദേശവാസികളെയടക്കം പങ്കെടുപ്പിച്ചാണ് വിളവെടുപ്പ് നടത്തിയത്. പിടക്കുന്ന മത്സ്യം വാങ്ങാന്‍ നിരവധി ആളുകളാണ് ടോവിയുടെ വീട്ടിലേക്കെത്തിയത്.