ഇടുക്കി: ബാലഗ്രാമിൽ ഇത്തവണയും അത്ഭുത മാവ് നിറയെ പൂത്തു. ഒരു മാവിൽ നിന്നും രണ്ടു രുചിയിലും നിറത്തിലുമുള്ള മാമ്പഴം ലഭിക്കുന്ന മാവാണ് യുവ കർഷകൻ്റെ കൃഷിയിടത്തിൽ പതിവു തെറ്റിക്കാതെ ഇത്തവണയും നിറയെ പൂത്തത്. ബാലഗ്രാം പാലക്കാട്ടു കുന്നേൽ ഷിജി ജോസഫിൻ്റെ കൃഷിയിടത്തിലാണ് ഈ അത്ഭുതമാവുള്ളത്.
പ്രത്യേക സംരക്ഷണം നല്‍കി പരിപാലിക്കുന്ന മാവ് പൂത്തതോടു കൂടി കാഴ്‌ചക്കാരുടെ എണ്ണവും വർദ്ധിച്ചു. എല്ലാ മാമ്പഴക്കാലവും ബാലഗ്രാമിലെ ഈ മാവ് വാർത്തയിൽ ഇടം പിടിക്കാറുണ്ട്. അതിന് കാരണം ഈ അത്ഭുത മാവാണ്. ഒരൊറ്റ മരം ആായാണ് വളർച്ച. പൂക്കുന്നതും കായ്ക്കുന്നതുമൊക്കെ സാധാരണ മാവു പോലെ തന്നെ. പക്ഷേ മൂത്ത് പഴുത്ത് കഴിഞ്ഞാൽ ആളുടെ സ്വഭാവം മാറും. ഒരുവശത്ത് ചുവന്ന് തുടുത്ത മാമ്പഴം ലഭിക്കുമ്പോള്‍ മറുവശത്ത് പച്ചയും മഞ്ഞയും കലർന്ന മാമ്പഴമാണ് കിട്ടുക. രുചിയിലും വ്യത്യാസമുണ്ട് ഒരെണ്ണത്തിന് തേനുറുന്ന മധുരമാണെങ്കിൽ രണ്ടാമത്തേത് മധുരവും പുളിപ്പും ചവർപ്പുമൊക്കെ ചേർന്ന് സമ്മിശ്ര രുചിയാണ്.
വർഷങ്ങൾക്കു മുമ്പ് ഷിജിയുടെ അച്ഛൻ നട്ടുവളർത്തിയതാണ് ഈ മാവ്. മാമ്പഴത്തിലെ വ്യത്യസ്‌തതകൊണ്ട് ഇപ്പോൾ ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചിരിക്കുകയാണ്. എന്തായാലും മാവും മാമ്പൂവും കാണാനായി നിരവധി പേരാണ് ഈ വർഷവും ഷിജുവിനെ വീട്ടുമുറ്റത്തേക്ക് എത്തുന്നത്. മാമ്പൂക്കൾ മാമ്പഴമായി മാറുന്നതും കാത്തിരിക്കുകയാണ് ഷിജിയും കുടുംബവും.
Also Read: രണ്ടര വയസുകാരിക്ക് മര്‍ദനം: കുടുംബത്തോടൊപ്പം താമസിച്ചയാള്‍ മുങ്ങി, കുട്ടിയുടെ നില അതീവ ഗുരുതരം