ഇടുക്കി: വനിതാ ദിനത്തില്‍ അടിമാലി പൊലീസ് സ്റ്റേഷന്‍റെ ചുമതല ഏറ്റെടുത്ത് പതിനാറംഗ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍. സബ് ഇന്‍സ്‌പെക്ടര്‍ എസ് സുലേഖയുടെ നേതൃത്വത്തിലുള്ള വനിതാ പൊലീസുകാരാണ് വനിതാ ദിനത്തില്‍ സ്റ്റേഷന്‍റെ ചുമതല ഏറ്റെടുത്തത്. വനിതാ ദിനത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട പൊലീസ് സ്റ്റേഷനുകളുടെ നിര്‍വഹണ ചുമതല വനിതാ പൊലീസുകാര്‍ക്ക് നല്‍കിയതിന്‍റെ ഭാഗമായിട്ടായിരുന്നു അടിമാലി സ്റ്റേഷനും വനിതകള്‍ക്ക് നല്‍കിയത്. സ്‌ത്രീ സുരക്ഷക്കൊപ്പം സമത്വത്തിന്‍റെയും തുല്യതയുടെയും സന്ദേശം പകര്‍ന്നാണ് സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട പൊലീസ് സ്റ്റേഷനുകളുടെ നിര്‍വഹണ ചുമതല വനിതാ ദിനത്തില്‍ വനിതാ പൊലീസുകാര്‍ക്ക് കൈമാറിയത്.
ഇടുക്കിയില്‍ അടിമാലി ഉള്‍പ്പെടെ മൂന്ന് പൊലീസ് സ്റ്റേഷനുകളാണ് വനിതകള്‍ക്കായി വഴിതുറന്നത്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, പിആര്‍ഒ, റൈറ്റര്‍, പാറാവ്, ഡ്രൈവര്‍ തുടങ്ങി കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തതും പരാതി അദാലത്ത് നടത്തിയതും പട്രോളിങ് നടത്തിയതുമെല്ലാം വനിതാ ഉദ്യോഗസ്ഥര്‍ തന്നെയാണ്. വനിതാ ദിനാഘോഷത്തിന്‍റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് സബ് ഇന്‍സ്‌പെക്ടര്‍ എസ് സുലേഖ പറഞ്ഞു. വനിതാദിനത്തില്‍ അടിമാലി സ്റ്റേഷനിലെത്തിയ മൂന്നാര്‍ ഡിവൈഎസ്‌പി എം രമേശ് കുമാറിന് പെണ്‍കരുത്തിന്‍റെ കൈകള്‍ സല്യൂട്ട് നല്‍കി. വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി ഡിവൈഎസ്‌പി വനിതാ ഉദ്യോഗസ്ഥര്‍ക്കൊപ്പം മധുരം പങ്കിട്ടു.
വനിതാദിനത്തില്‍ സ്റ്റേഷന്‍ ചുമതല ഏറ്റെടുത്തിട്ടുള്ള മുഴുവന്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മൂന്നാര്‍ ഡിവൈഎസ്‌പി എം രമേശ് കുമാർ ആശംസകള്‍ നേര്‍ന്നു. ആഘോഷങ്ങള്‍ക്കൊപ്പം തന്നെ കൃത്യനിര്‍വഹണത്തിലും സ്റ്റേഷന്‍റെ നിര്‍വ്വഹണചുമതല ലഭിച്ച വനിതാ പൊലീസുകാര്‍ കണിശത പുലര്‍ത്തി. പരാതിയുമായി സ്റ്റേഷനിലെത്തിയ സ്ത്രീകളുടെ പ്രശ്‌നത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ എസ് സുലേഖയടക്കം കൃത്യമായ ഇടപെടലുകള്‍ നടത്തി. സ്റ്റേഷന്‍റെ മുഴുവന്‍ ചുമതലയും വനിതാ പൊലീസുകാര്‍ ഏറ്റെടുത്തത് സ്റ്റേഷനിലെത്തിയ പരാതിക്കാര്‍ക്കും കൗതുകമായി.