ഇടുക്കി: റമദാന്‍ മാസമെത്തിയതോടെ സജീവമായി ഈന്തപ്പഴ വിപണി. നോമ്പുതുറയിലെ പ്രധാനവിഭവമാണ് ഈന്തപ്പഴം. പകല്‍മുഴുവന്‍ നീണ്ട് നില്‍ക്കുന്ന വ്രതാനുഷ്ഠാനം പൂര്‍ത്തിയാകുമ്പോള്‍ ഈന്തപ്പഴം കൊണ്ട് നോമ്പ് തുറക്കുന്നതാണ് പരമ്പരാഗത ശൈലി. മാര്‍ക്കറ്റുകളില്‍ വിവിധയിനം ഈന്തപ്പഴങ്ങളാണ് വില്‍പ്പനയ്ക്കുള്ളത്. സൗദി, ഒമാന്‍, ഇറാന്‍, ഇറാഖ്, ജോര്‍ദ്ദാന്‍, ടുണീഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നെത്തുന്ന വിവിധയിനം ഈന്തപ്പഴങ്ങളാണ് പ്രധാനമായുള്ളത്.
Also Read: ആത്മീയ സംതൃപ്തി തേടി മുസ്‌ലിങ്ങള്‍ റമദാന്‍ വ്രതത്തിലേക്ക്
ഇറാന്‍, സൗദി പഴങ്ങള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയുള്ളത്. ഔഷധഗുണമുള്ള അജ്വ ഈന്തപ്പഴം തേടിയും ഒട്ടേറെപ്പേര്‍ എത്തുന്നുണ്ട്. ഇറാഖ് ഈന്തപ്പഴങ്ങള്‍ക്കാണ് ഏറ്റവും വിലക്കുറവ്. കൊവിഡ് കാലത്ത് ആളുകള്‍ രോഗപ്രതിരോധശേഷിക്കായി ഡ്രൈഫ്രൂട്ട്‌സിനെ ആശ്രയിച്ചിരുന്നതിനാല്‍ വലിയ നഷ്ടം നേരിട്ടിരുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു. 140 മുതല്‍ 1400 രൂപ വരെയാണ് ഈന്തപ്പഴത്തിന്‍റെ ശരാശരി വില.