ഇടുക്കി: കാട്ടാന വിഷയത്തിൽ ഇടുക്കി പന്നിയാറിൽ തോട്ടം തൊഴിലാളികൾ പണിമുടക്കി. കാട്ടാന തകർത്ത റേഷൻകടയുടെ പുനര്‍നിര്‍മാണം വൈകുന്നതിലാണ് പ്രതിഷേധം. കഴിഞ്ഞ ദിവസവും കാട്ടന അക്രമണം ഉണ്ടായിരുന്നു.
ഐക്യ ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിലാണ് സമരം. ജില്ല കലക്‌ടര്‍ നിർദേശം നൽകി മാസങ്ങൾ പിന്നിട്ടിട്ടും ഇടുക്കി പന്നിയാറിൽ കാട്ടാന തകർത്ത റേഷൻ കട പുനർനിര്‍മിക്കാന്‍ കമ്പനി തയ്യാറാകാത്തതിനെതിരെയാണ് ട്രേഡ് യൂണിയന്‍റെ നേതൃത്വത്തിൽ പണിമുടക്കിയത്. പത്ത് ദിവസത്തിനുള്ളിൽ റേഷൻ കട പുനർനിർമിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
കെട്ടിടം നിര്‍മിക്കാന്‍ നടപടി സ്വീകരിക്കാതെ എച്ച്‌എംഎല്‍: കഴിഞ്ഞ ഫെബ്രുവരി മാസം ഒന്നാം തീയതിയാണ് ശാന്തൻപാറ പഞ്ചായത്ത് ഹാളിൽ ഇടുക്കി ജില്ല കലക്‌ടര്‍ പങ്കെടുത്ത യോഗം ചേർന്നത്. യോഗത്തിലെത്തിയ എച്ച്‌എംഎൽ കമ്പനി അധികൃതരോട് റേഷൻ കടക്കായി സുരക്ഷിതമായ കെട്ടിടം നിർമിക്കണമെന്നും രണ്ടുമാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കണമെന്നും ജില്ല കലക്‌ടര്‍ നിർദേശം നൽകിയിരുന്നു. എന്നാൽ ഇതിനുശേഷം മാസങ്ങൾ പിന്നിടുമ്പോഴും കെട്ടിടം പുനർ നിർമിക്കുന്നതിന് ഒരുവിധ നടപടിയും കമ്പനി അധികൃതർ സ്വീകരിച്ചിട്ടില്ല.
റേഷൻ കടക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വനം വകുപ്പ് ഫെൻസിങ് നടപടികൾ പൂർത്തീകരിക്കുകയും ചെയ്‌തു. എന്നിട്ടും കമ്പനി അധികൃതർ മുഖം തിരിക്കുന്ന നടപടിക്കെതിരെയാണ് ഐക്യ ട്രേഡ് യൂണിയന്‍റെ നേതൃത്വത്തിൽ തോട്ടം തൊഴിലാളികൾ പണിമുടക്കി സമര രംഗത്തേക്ക് എത്തിയത്. കമ്പനി ഓഫിസിന് മുന്നില്‍ തോട്ടം തൊഴിലാളികൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
തുടർന്ന് കമ്പനി അധികൃതർ യൂണിയൻ നേതാക്കളുമായി ചർച്ച നടത്തി. 10 ദിവസത്തിനുള്ളിൽ റേഷൻകട പുനർ നിർമിച്ച് പ്രവർത്തനം ഇതിലേക്ക് മാറ്റുന്ന നടപടി സ്വീകരിക്കുമെന്ന ഉറപ്പിന്‍റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിക്കുകയായിരുന്നു. അതേസമയം കമ്പനി ഉറപ്പ് പാലിച്ചില്ലെങ്കിൽ സമരം ശക്തമാക്കി മുന്നോട്ടു പോകുമെന്നും യൂണിയൻ നേതാക്കൾ വ്യക്തമാക്കി.
ചർച്ചയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ വേഗത്തിൽ ആക്കുന്നതിന്‍റെ ഭാഗമായി കമ്പനി അധികൃതർ റേഷൻകട പുനർ നിർമിക്കുന്നതിന് എസ്റ്റിമേറ്റ് അടക്കം തയ്യാറാക്കി കരാർ നൽകുന്നതിനുള്ള നടപടികളും സ്വീകരിച്ചു.
അരിക്കൊമ്പന്‍റെ ആക്രമണങ്ങള്‍: അരിക്കൊമ്പന്‍ എന്ന പേരിലുള്ള കൊമ്പന്‍ ആനയാണ് ഇവിടങ്ങളില്‍ ആക്രമണം നടത്തുന്നത്. ശനിയാഴ്‌ചയാണ് (11.3.2023) അരിക്കൊമ്പന്‍റെ ഏറ്റവും ഒടുവിലത്തെ ആക്രമണം ശാന്തന്‍പാറ പന്നിയാര്‍ എസ്‌റ്റേറ്റില്‍ ഉണ്ടായത്. എസ്‌റ്റേറ്റിലെ ലേബര്‍ കാന്‍റീനിലാണ് അരിക്കൊമ്പന്‍റെ ആക്രമണം ഉണ്ടായത്.
കാന്‍റീന്‍ നടത്തുന്ന എഡ്വിന്‍ കാട്ടാനയുടെ ആക്രമണത്തില്‍ തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. ശനിയാഴ്‌ച രാത്രി പത്ത് മണിക്കായിരുന്നു ആക്രമണം. എഡ്വിന്‍റെ പിന്നാലെ കാട്ടാന ഏറെ നേരം ഓടി. അടുത്തുള്ള ഒരു ലയത്തില്‍ കയറിക്കൂടി എഡ്വിന്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷ നേടുകയായിരുന്നു.
എസ്‌റ്റേറ്റിലെ റേഷന്‍ കട സ്ഥിരം തകര്‍ക്കുന്നത് ഈ അരികൊമ്പനാണ്. റേഷന്‍ കടയുള്ള സ്ഥലത്ത് ഇപ്പോള്‍ വൈദ്യുത ലൈന്‍ ഉപയോഗിച്ച് ഫെന്‍സിങ് നടത്തിയിട്ടുണ്ട്. റേഷന്‍ കട ആക്രമിച്ചതിന് ശേഷം അരികൊമ്പന്‍ കടയിലെ ചാക്ക് പൊട്ടിച്ച് അരിയെടുത്ത് തിന്നുകയും ചെയ്യും.