ഇടുക്കി: മറയൂരിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ വ്യാപക കൃഷിനാശം. രണ്ട് വര്‍ഷം നട്ട് പരിപാലിച്ചതെല്ലാം ഒറ്റ ആഴ്ച്ചകൊണ്ട് കാട്ടുപോത്ത് തിന്ന് തീർത്തതിന്‍റെ വിഷമത്തിലാണ് മറയൂരിലെ മൾബറി കർഷകനായ കാന്തല്ലൂര്‍ പുത്തൂര്‍ സ്വദേശി പി.എന്‍ വിജയന്‍. വിജയന്‍റെ രണ്ടേക്കറോളം വരുന്ന സ്ഥലത്ത് നട്ടുവളർത്തിയ മൾബറി കൃഷിയാണ് കാട്ടുപോത്തുകൾ വ്യാപകമായി ഇറങ്ങി നശിപ്പിച്ചത്. ഭൂരിഭാഗം പേരും കാര്‍ഷിക മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന ഇവിടെ കാട്ടുപോത്ത്,കാട്ടാന തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം അതിരൂക്ഷമാണ്.
ALSO READ:സൗമ്യയുടെ മൃതദേഹം നാളെ കേരളത്തിലെത്തിക്കും;ഡല്‍ഹിയിലെത്തി ഏറ്റുവാങ്ങുമെന്ന് വി. മുരളീധരന്‍
കാട്ടുപോത്ത് കൃഷിയിടത്തില്‍ എത്തുമ്പോൾ അവയെ തുരത്തുന്നതിനായി വനപാലകരെ പലതവണ അറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല എന്ന് വിജയന്‍ പറയുന്നു. വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചാൽ നഷ്ടപരിഹാരത്തിനായി വനപാലകരെ സമീപിച്ചാലും ഒന്നും ലഭിക്കാറില്ലെന്നും ഇദ്ദേഹം പറയുന്നു. ഏകദേശം ഒന്നരലക്ഷം രൂപയുടെ നാശനഷ്ടമാണ് നിലവിലുണ്ടായിരിക്കുന്നതെന്നും വിജയൻ കൂട്ടിച്ചേർത്തു.
വന്യമൃഗ ശല്യം തടയാനായി വനാതിര്‍ത്തികളില്‍ ചിലയിടങ്ങളില്‍ മാത്രം സംരക്ഷണ വേലി നിര്‍മിക്കുന്നതിന് പകരം കൃഷിടങ്ങള്‍ക്ക് ചുറ്റും സംരക്ഷണ വേലി നിര്‍മിക്കാനുള്ള സഹായം തങ്ങള്‍ക്ക് നല്‍കുകയാണെങ്കില്‍ ഫലം കാണുമെന്നാണ് ഇവിടുത്തെ കര്‍ഷകര്‍ പറയുന്നത്. എന്നാല്‍ യഥാസമയം അറ്റകുറ്റപണികള്‍ നടത്താതെയും പുനസ്ഥാപിക്കാതെയും മിക്കയിടങ്ങളിലും വേലി തകര്‍ന്ന അവസ്ഥയിലാണ് കാണപ്പെടുന്നത്.