ഇടുക്കി : ഇടുക്കി ബിഎല്‍റാമിലെ ജനവാസ മേഖലയില്‍ തമ്പടിച്ചിരുന്ന ആനകൂട്ടത്തെ കാട്ടിലേക്ക് തുരത്തി. ആനയറിങ്കല്‍ ജലാശയത്തിനോട് ചേര്‍ന്ന വനമേഖലയിലേക്കാണ് ആനക്കൂട്ടത്തെ തുരത്തിയത്. ഏഴ് ആനകളടങ്ങുന്ന കൂട്ടവും, അരിക്കൊമ്പനും ചക്കക്കൊമ്പനും അടക്കം പത്തോളം ആനകളാണ് രണ്ട് ദിവസങ്ങളിലായി ബിഎല്‍ റാമിലെ ജനവാസ മേഖലയില്‍ ഉണ്ടായിരുന്നത്.
ഏലത്തോട്ടത്തില്‍ നിലയുറപ്പിച്ച കാട്ടാന കൂട്ടത്തെ തുരത്തുന്നതിനുള്ള ശ്രമങ്ങള്‍ ഇന്നലെ ഉച്ചമുതല്‍ ആരംഭിച്ചിരുന്നു. റാപ്പിഡ് റെസ്പോണ്‍സ് ടീമിന്‍റെയും നാട്ടുകാരുടേയും നേതൃത്വത്തില്‍ പടക്കം പൊട്ടിച്ചും ബഹളം വെച്ചുമാണ് ആനക്കൂട്ടത്തെ ജനവാസ മേഖലയില്‍ നിന്നും തുരത്താന്‍ ശ്രമം നടത്തിയത്.
ബിഎല്‍റാമിലെ തോട്ടം മേഖലയില്‍ നിന്നും ദേശീയ പാതയ്ക്ക് സമീപത്തെ ഏല തോട്ടം മേഖലയിലേക്ക് പുലര്‍ച്ചെ കാട്ടാനക്കൂട്ടം നീങ്ങുകയായിരുന്നു. തുടര്‍ച്ചയായ ശ്രമങ്ങള്‍ക്കൊടുവില്‍ ആനയിറങ്കല്‍ ജലാശയത്തിനോട് ചേര്‍ന്ന മേഖലയിലേക്ക് ഇവ മാറി. നിലവില്‍ ജലാശയത്തിന് സമീപത്തെ വനമേഖലയിലേക്ക് കാട്ടാനകളെ തുരത്താനായി.