ഇടുക്കി : മൂന്നാർ ദേവികുളത്ത് ആക്രമണകാരിയായ ആന - പടയപ്പയെ ഭയന്ന് പുറത്തിറങ്ങാനാകാതെ ദമ്പതികൾ വീടിനുള്ളിൽ കഴിഞ്ഞത് രണ്ടര മണിക്കൂർ. ദേവികുളം ലാക്കാട് ഫാക്‌ടറിക്ക് സമീപം താമസിക്കുന്ന മുക്കത്ത് ജോർജ്, ഭാര്യ സിസി എന്നിവരാണ് മുറ്റത്ത് നിലയുറപ്പിച്ച പടയപ്പയെ ഭയന്ന് വീടിനുള്ളിൽ മണിക്കൂറുകളോളം കഴിഞ്ഞത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം.
വീടിനുമുന്നിലെത്തി സമീപത്തെ വേലി തകർത്താണ് പടയപ്പ മുറ്റത്തേക്ക് കയറിയത്. അകത്തുകടന്ന പടയപ്പ മുറ്റത്തിരുന്ന ചെടിച്ചട്ടികള്‍ തകർത്ത ശേഷം സമീപത്തുണ്ടായിരുന്ന കാരറ്റ്, പാഷൻ ഫ്രൂട്ട്, പേരക്ക, ബീൻസ് തുടങ്ങിയവ തിന്നുകയും ചെയ്‌തു. വീടിനുള്ളിലായിരുന്ന ജോര്‍ജും സിസിയും, ആന വേലി തകർത്ത് വരുന്നത് കണ്ടതോടെ ഭയന്ന് വാതിലടച്ച് അകത്തുതന്നെ കഴിയുകയായിരുന്നു.
അഞ്ചരയോടെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പാണ് പടയപ്പയെ കാട്ടിലേക്ക് തുരത്തിയത്. കഴിഞ്ഞ കുറേ ദിവസങ്ങളായി മാട്ടുപ്പെട്ടിയിലും തോട്ടംമേഖലയിലുമൊക്കെ പടയപ്പയുടെ സാന്നിധ്യം ഉണ്ട്.