ഇടുക്കി: മലയോര മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു. കൂട്ടമായെത്തുന്ന കാട്ടാനകള്‍ ദിവസങ്ങളോളമാണ് തോട്ടം മേഖലയില്‍ തമ്പടിക്കുന്നത്. കഴിഞ്ഞ നാല് ദിവസമായി രാജകുമാരി ബി ഡിവിഷന്‍, ഖജനാപ്പാറ, അരമനപ്പാറ തുടങ്ങിയ പ്രദേശങ്ങളിലിറങ്ങിയ ഒമ്പത് കാട്ടാനകൾ ഏക്കർ കണക്കിന് ഏലം കൃഷിയാണ് നശിപ്പിച്ചത്.
മുമ്പ് വനമേഖലയോട് ചേര്‍ന്ന കൃഷിയിടങ്ങളിലായിരുന്നു കാട്ടാനകള്‍ എത്തിയിരുന്നതെങ്കില്‍ നിലവില്‍ കിലോമീറ്ററുകള്‍ അകലെയുള്ള തോട്ടം മേഖലകളിലിറങ്ങുന്ന കാട്ടാനക്കൂട്ടം ഇവിടെ തമ്പടിക്കുന്ന അവസ്ഥയാണ്. നാട്ടുകാര്‍ മന്ത്രിയെ വിളിച്ചറിയിച്ചതോടെയാണ് വനംവകുപ്പ് എത്തി കാട്ടാനകളെ തുരത്തിയത്.
അതേസമയം പ്രദേശത്ത് ഇടക്കിടെ കാട്ടാന ആക്രമണം ഉണ്ടാകുന്ന സാഹചര്യത്തില്‍ മേഖലയില്‍ സ്ഥിരം നിരീക്ഷണം നടത്താന്‍ വാച്ചര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും വനം വകുപ്പ് അധികൃതരും വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം രാത്രിയില്‍ ഇവിടെയെത്തിയ കാട്ടുകൊമ്പന്‍ ആശുപത്രിയിലേയ്ക്ക് പോകുകയായിരുന്ന വാഹനം അടിച്ചു തകര്‍ത്തിരുന്നു. തലനാരിഴയ്ക്കാണ് പരിക്കുകളോടെ യാത്രക്കാര്‍ രക്ഷപ്പെട്ടത്.
പ്രദേശത്ത് അടിക്കടിയുണ്ടാകുന്ന കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.