ഇടുക്കി: കാട്ടാന ശല്യം ഒഴിയാതെ മാങ്കുളം ഗ്രാമപഞ്ചായത്തിലെ ആനക്കുളം മേഖല. വനംവകുപ്പ് ഏതാനും ഭാഗത്ത് ഉരുക്കുവടം വേലി നിര്‍മിച്ചെങ്കിലും ഇനിയും വേലി നിര്‍മിക്കാത്ത ഭാഗത്തുകൂടി ജനവാസമേഖലയില്‍ പ്രവേശിക്കുന്ന കാട്ടാനകള്‍ വലിയ കൃഷിനാശമാണ് വരുത്തുന്നത്. വല്യപാറക്കുട്ടി ഭാഗത്തേക്ക് കൂടി ഉരുക്കുവടംവേലി നീട്ടാന്‍ നടപടി വേണമെന്ന ആവശ്യം പ്രദേശവാസികള്‍ മുമ്പോട്ട് വയ്ക്കുന്നു.
കൃഷിത്തോട്ടങ്ങള്‍ നശിപ്പിച്ച് കാട്ടാനകള്‍
വര്‍ഷങ്ങള്‍ക്ക് മുമ്പ് ആനക്കുളത്ത് പുഴയുടെ തീരത്ത് വനംവകുപ്പ് ഉരുക്കുവടം വേലി നിര്‍മിച്ചുവെങ്കിലും കാട്ടാനശല്യം പൂര്‍ണമായി തടയുവാന്‍ ഇത് പര്യാപ്തമായിട്ടില്ല. ആയിരത്തി ഇരുന്നൂറ് മീറ്ററോളം നീളത്തില്‍ ഉരുക്കുവടംവേലി നിര്‍മിച്ചിട്ടുണ്ട്. കാട്ടാനകള്‍ വെള്ളംകുടിക്കാന്‍ എത്തുന്ന സ്ഥലത്തിനുസമീപം മുതല്‍ വല്യപാറക്കുട്ടിവരെ ഉരുക്കുവടംവേലി പൂര്‍ണമായി നിര്‍മിച്ചാലെ ഇത് കൊണ്ട് പ്രയോജനമുള്ളുവെന്ന് കര്‍ഷകര്‍ പറയുന്നു. ഇനിയും വേലി നിര്‍മിക്കാത്ത ഭാഗത്തുകൂടി ജനവാസമേഖലയില്‍ പ്രവേശിക്കുന്ന കാട്ടാനകള്‍ വലിയ കൃഷിനാശമാണ് ആനക്കുളത്ത് വരുത്തുന്നത്.
സോളാര്‍ വേലി പ്രവര്‍ത്തനക്ഷമമല്ലെന്ന് പരാതി
ആനശല്യം നിലനില്‍ക്കുന്നതിനാല്‍ ആനക്കുളത്തെ കര്‍ഷകര്‍ക്ക് കൃഷി ചെയ്ത് മുമ്പോട്ട് പോകുവാന്‍ കഴിയാത്ത സാഹചര്യമാണ് നേരിടുന്നത്. ആനക്കുളത്തിന് പുറമെ മാങ്കുളം ഗ്രാമപഞ്ചായത്ത് പരിധിയില്‍ താളുങ്കണ്ടം, പാമ്പുംകയം, കോഴിയിള, കവിതക്കാട് തുടങ്ങി വിവിധ മേഖലകളിലും കാട്ടാന ശല്യം രൂക്ഷമാണ്. പലയിടത്തും സോളാര്‍ വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലതും വേണ്ടവിധം പ്രവര്‍ത്തനക്ഷമമല്ലെന്ന പരാതിയുണ്ട്.
വിരിഞ്ഞപാറ ഭാഗത്ത് 150 മീറ്ററോളം ദൂരത്തില്‍ കിടങ്ങ് തീര്‍ത്താല്‍ ഒരു പരിധിവരെ കാട്ടാന ശല്യം ചെറുക്കാനാകും. പൂര്‍ണ്ണമായി കാര്‍ഷികമേഖല എന്ന പരിഗണനയില്‍ കാട്ടാനശല്യം നിയന്ത്രിക്കുവാനുള്ള ഇടപെടല്‍ വനംവകുപ്പിന്‍റെ ഭാഗത്തു നിന്നുണ്ടാകണമെന്ന ആവശ്യം കര്‍ഷകര്‍ നിരന്തരം മുമ്പോട്ട് വയ്ക്കുകയാണ്.
ALSO READ: ലഹരിമരുന്ന് നല്‍കി പീഡനം : പെണ്‍കുട്ടിക്ക് നല്‍കിയത് ഹോട്ടലുടമയുടെ സിം കാർഡ്