ഇടുക്കി : ഇടുക്കി ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിൽ കാട്ടാന ആക്രമണം രൂക്ഷം. പുതുവർഷം പിറന്ന് രണ്ട് മാസത്തിനുള്ളിൽ കാട്ടാന തകർത്തത് പതിനഞ്ചോളം വീടുകളാണ്. അരിക്കൊമ്പൻ എന്ന ഒറ്റയാൻ മാത്രം തകർത്തത് 11 വീടുകൾ. വേനൽ കടുത്തതും പുൽമേടുകൾ കത്തി കരിഞ്ഞതും ജനവാസമേഖലയിൽ കാട്ടാന ആക്രമണം വർധിക്കുന്നതിന് കാരണമായി. ഒറ്റയാനെ പേടിച്ച് വീട്ടില്‍ കിടന്നുറങ്ങാന്‍ കഴിയുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഇടുക്കി മതികെട്ടാന്‍ ചോല ദേശീയ ഉദ്യാനത്തില്‍ നിന്നും കാട്ടാനകള്‍ കാടിറങ്ങി ജനവാസ മേഖലയില്‍ തമ്പടിയ്ക്കുന്നത് പതിവായിരിക്കുകയാണ്. കാട്ടാന ഭീതിയിലാണ്, ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ ജനങ്ങള്‍ ഒരോ ദിവസവും ജീവിതം തള്ളി നീക്കുന്നത്. 301 കോളനി, മുത്തമ്മ കോളനി, ബിഎല്‍ റാം, തോണ്ടിമല, ശങ്കരപാണ്ടിമെട്ട് തുടങ്ങിയ ജനവാസ മേഖലകളില്‍ പതിവായി കാട്ടാനകള്‍ എത്തുന്നു.
വേനല്‍ക്കാലത്തെ കാട്ടുതീ തടയുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ചിന്നക്കനാല്‍ മേഖലയിലെ വനാതിര്‍ത്തികളിലെ അടിക്കാടുകള്‍ വനം വകുപ്പ് തീ വച്ച് നശിപ്പിച്ചിരുന്നു. മറ്റ് പുല്‍മേടുകളും തീ കയറി നശിച്ചു. ഇതോടെ കാട്ടാനകള്‍ക്കുള്ള സ്വാഭാവിക തീറ്റ കുറഞ്ഞതായി പ്രദേശവാസികൾ പറയുന്നു.
വില്ലനായി അരിക്കൊമ്പൻ : പൊതുവെ വേനല്‍ കാലത്ത് വനാന്തരങ്ങളിലും കാട്ടാനകള്‍ക്ക് തീറ്റ കുറവാണ്. അതിനാല്‍ തന്നെ ജനവാസ മേഖലകളിലിറങ്ങി വീടുകളും കടകളും തകര്‍ത്ത് ഭക്ഷണ സാധനങ്ങള്‍ എടുക്കുന്ന അരിക്കൊമ്പന്‍റെ ശല്യം ഇനിയും രൂക്ഷമാകാനാണ് സാധ്യതയെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ 2 മാസത്തിനിടെ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലായി 11 വീടുകളാണ് അരിക്കൊമ്പന്‍ തകര്‍ത്തത്.
ആനയിറങ്കലിലെ റേഷന്‍ കടയും പെരിയകനാല്‍ മൂലക്കടയിലെ പെട്ടിക്കടയും അരിക്കൊമ്പൻ തകര്‍ത്തു. ചക്കക്കൊമ്പന്‍ ഒരു ജീപ്പ് കൊമ്പ് കൊണ്ടുയര്‍ത്തി താഴെയിട്ട് കേടുപാടുകള്‍ വരുത്തി. ഏക്കർ കണക്കിന് കൃഷി നാശമാണ് ഇരു പഞ്ചായത്തുകളിലും ഉണ്ടായിരിക്കുന്നത്. ഏലം ഉത്പാദന മേഖലയായ പ്രദേശത്തെ കാര്‍ഷിക ജോലികളും പ്രതിസന്ധിയിലാണ്.
ഭീതിയിൽ തൊഴിലാളികൾ: കാട്ടാനകള്‍ കൃഷിയിടങ്ങളിലേയ്ക്ക് കടക്കുന്നത് മൂലം ഓരോ വര്‍ഷവും ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശം ഉണ്ടാകുന്നു. തോട്ടം മേഖലയില്‍ ആന ഇറങ്ങുന്ന ദിവസങ്ങളില്‍ കാര്‍ഷിക ജോലികളും ഉപേക്ഷിയ്‌ക്കേണ്ടി വരുന്നു. ഏത് നിമിഷവും ആനയുടെ ആക്രമണം ഉണ്ടാകും എന്ന ഭീതിയിലാണ്, തൊഴിലാളികള്‍ ജോലി ചെയ്യുന്നത്.
ഏറ്റവും അപകടകാരിയായ അരിക്കൊമ്പനെ പിടികൂടുമെന്ന് വനം വകുപ്പ് ഉത്തരവ് ഇറക്കിയിട്ടുണ്ടെങ്കിലും ചക്ക കൊമ്പന്‍, മുറിവാലന്‍, ചില്ലിക്കൊമ്പന്‍ തുടങ്ങിയ ഒറ്റയാന്‍മാരുടെ ആക്രമണങ്ങള്‍ക്കെതിരെ എങ്ങനെ പ്രതിരോധം ഒരുക്കുമെന്നത് വ്യക്തമല്ല. മുറിവാലന്‍ കൊമ്പന്‍ വ്യാഴാഴ്‌ച രാത്രി മുത്തമ്മ കോളനിയിലെ 4 വീടുകളാണ് തകർത്തത്.
കൂടുതല്‍ ആക്രമണകാരിയായ അരിക്കൊമ്പനെ പിടികൂടുന്നതിന് അനുമതി നല്‍കിക്കൊണ്ട് കഴിഞ്ഞ 22ന് വനം വകുപ്പ് മേധാവിയുടെ ഉത്തരവ് ഇറങ്ങിയിരുന്നു. കോടനാട് ആനക്കൂട് നിര്‍മിച്ച ശേഷം രണ്ടാഴ്‌ചക്കുള്ളില്‍ ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘം അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടുന്നതിനായി ശാന്തന്‍പാറയിലെത്തുമെന്നാണ് വിവരം.
അതേസമയം, മലപ്പുറം ജില്ലയിൽ കഴിഞ്ഞ ദിവസം കാട്ടാന ഇറങ്ങി പരിഭ്രാന്തി പരത്തിയിരുന്നു. തിരുവാലി പഞ്ചായത്തിലെ നടുവത്ത്, വണ്ടൂർ പഞ്ചായത്തിലെ കാപ്പിൽ, നിലമ്പൂർ കനോലി പ്ലോട്ട് എന്നിവിടങ്ങളിലാണ് പുലർച്ചെ മൂന്ന് മണിയോടെ കാട്ടാനകൾ ഇറങ്ങിയത്. രാവിലെ എട്ട് മണിയോടെയാണ് ആനകളെ തിരികെ കാട് കയറ്റിയത്.