ഇടുക്കി: ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ വീട് തകർന്നു. ചിന്നക്കനാലിലെ വിലക്കിൽ തോമസും ഭാര്യയും താമസിച്ചിരുന്ന ഷെഡാണ് ഒറ്റയാൻ തകർത്തത്. നായ്‌ക്കൾ കുരച്ച് ബഹളം വച്ചതിനെ തുടർന്ന് തോമസും ഭാര്യ വിജയമ്മയും ഇറങ്ങി ഓടിയതിനാൽ അപകടം ഒഴിവായി. ഇന്ന് പുലർച്ചെ നാലരയോടെയാണ് ഇവരുടെ വീടിന് നേരെ കാട്ടാന ആക്രമണമുണ്ടായത്.
ഷെഡിനുള്ളിൽ കിടന്നുറങ്ങിയിരുന്ന തോമസും വിജയമ്മയും വളർത്തു നായയുടെ ശബ്‌ദം കേട്ട് ഞെട്ടി ഉണരുകയായിരുന്നു. ഇരുവരും പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ ഒറ്റയാൻ ഷെഡ് തകർത്തു. വീട്ടിനുളളിൽ ഉണ്ടായിരുന്ന മുഴുവൻ സാധനങ്ങളും തകർത്താണ് കാട്ടാന മടങ്ങിയത്.
2010 ജനുവരിയിൽ ഉണ്ടായ കാട്ടാന ആക്രമണത്തിൽ തോമസിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇദ്ദേഹത്തിന് തന്‍റെ വലതു കൈയുടെ സ്വാധീനവും അന്ന് നഷ്‌ടമായിരുന്നു. തുടർന്ന് വികലാംഗ പെൻഷനെ ആശ്രയിച്ചാണ് ഇരുവരും കഴിഞ്ഞിരുന്നത്. ഇപ്പോൾ പൊളിഞ്ഞ് വീഴാറായതെങ്കിലും ഏക ആശ്രയമായ വീടും നഷ്‌ടമായിരിക്കുകയാണ്.
2003ൽ സർക്കാർ ഇവർക്ക് ഒരേക്കർ സ്ഥലം നൽകി. കാട്ടാന ശല്യവും കുടിവെള്ള ക്ഷാമവും രൂക്ഷമായതിൽ സർക്കാർ നൽകിയ ഭൂമിയിൽ നിന്നും മാറി ചിന്നക്കനാൽ വിലക്കിലെ റവന്യു ഭൂമിയിൽ ഷെട്ട് കെട്ടി താമസിക്കുകയായിരുന്നു. ഉണ്ടായിരുന്ന സാധനങ്ങളെല്ലാം ആന തകർത്തതോടെ തലചായ്‌ക്കാൻ ഇടമില്ലാതെ പെരുവഴിയിൽ ആയിരിക്കുകയാണ് ഈ കുടുംബം. കാട്ടാന ശല്യമില്ലാത്ത മേഖലയിൽ സ്ഥലവും അടച്ചുറപ്പുള്ള ഒരു വീടും കിട്ടണമെന്നാണ് ഈ വയോധികരുടെ ആവശ്യം.
മൂന്നാറില്‍ വീണ്ടും പടയപ്പ: അടുത്തിടെ മൂന്നാറില്‍ വീണ്ടും പടയപ്പയുടെ ആക്രമണം ഉണ്ടായത് ജനങ്ങളെ ഭീതിയിലാഴ്‌ത്തിയിരുന്നു (Padayappa elephant attack in Munnar). പഴയ മൂന്നാര്‍ വര്‍ക്ക്ഷോപ്പ് ക്ലബ്ബിന് സമീപമാണ് പടയപ്പ ഇറങ്ങിയത്. പ്രദേശത്ത് കൃഷി നാശവും വരുത്തിയ ആന താല്‍ക്കാലികമായി ജനവാസ മേഖലയില്‍ നിന്നും പിന്‍വാങ്ങിയെങ്കിലും തിരികെ ജനവാസ കേന്ദ്രത്തിലേക്കെത്താൻ സാധ്യതയുണ്ടെന്നാണ് കരുതുന്നത് (Padayappa in residential area).
അതേസമയം മൂന്നാറിലെ ജനവാസ മേഖലയില്‍ നിന്നും കാട്ടുകൊമ്പന്‍ പടയപ്പ പിന്‍വാങ്ങാന്‍ തയ്യാറാകാത്ത സാഹചര്യമാണ്. ദേവികുളം മേഖലയിലായിരുന്നു കാട്ടുകൊമ്പന്‍ ദിവസങ്ങള്‍ക്ക് മുമ്പ് നിലയുറപ്പിച്ചത്. ഇപ്പോൾ പഴയ മൂന്നാര്‍ വര്‍ക്ക്ഷോപ്പ് ക്ലബ്ബിന് സമീപത്തേക്കും എത്തിയിരിക്കുകയാണ്. വനപാലകരെത്തിയാണ് കാട്ടാനയെ തുരത്തിയത്. കാട്ടുകൊമ്പന്‍ പതിവായി ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് ആവര്‍ത്തിക്കുകയാണ്. വീണ്ടും ആന ജനവാസ കേന്ദ്രത്തിലേക്കെത്താനുള്ള സാധ്യത സമീപവാസികള്‍ തള്ളിക്കളയുന്നില്ല. കഴിഞ്ഞ ദിവസം ചൊക്കനാട് എസ്‌റ്റേറ്റിലും പടയപ്പ കൃഷിനാശം വരുത്തിയിരുന്നു (Padayappa caused crop damage).
READ MORE: മൂന്നാറില്‍ വീണ്ടും പടയപ്പ; കാട്ടിലേക്ക് തുരത്തിയെങ്കിലും ഭീതി മാറാതെ ജനവാസമേഖല