ഇടുക്കി: ചിന്നക്കനാൽ ആനയിറങ്കലിന് സമീപം വിനോദ സഞ്ചാരികൾ സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാന ആക്രമണം. സഞ്ചാരികളുടെ ബഹളം കേട്ട് ഓടിയെത്തിയ പ്രദേശവാസി പാണ്ടി കങ്കാണിയ്ക്ക് പരിക്കേറ്റു. ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിനോദ സഞ്ചാരികളുടെ കരച്ചിൽ കേട്ട് വാഹനത്തിന് അടുത്തേക്ക് ഓടിയെത്തിയ പാണ്ടി കങ്കാണിയ്ക്ക് നേരെ ആന പാഞ്ഞടുക്കുകയായിരുന്നു. ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ നിലത്തു വീണാണ് ഇയാൾക്ക് പരിക്കേറ്റത്.
പിന്നീട് നാട്ടുകാർ എത്തി സഞ്ചാരികളെ രക്ഷിച്ചു. തുടർന്ന് പാണ്ടിയെ നാട്ടുകാരുടെ നേതൃത്വത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ALSO READ: Special package for Maoist: കീഴടങ്ങിയ മാവോയിസ്റ്റ് നേതാവിന് വീടും തൊഴിലും നൽകാൻ ശുപാർശ
അതേസമയം വാഹനത്തിൽ ഉണ്ടായിരുന്ന സഞ്ചാരികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഏഴ് സഞ്ചാരികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാറിന് കേടുപാടുകൾ പറ്റി.
സംഭവം അറിഞ്ഞെത്തിയ ചിന്നക്കനാൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു വച്ചത് സംഘർഷമായി. മേഖലയിലെ കാട്ടാന ശല്യത്തിന് പരിഹാരം കണ്ടെത്തുന്നതിനായി തിങ്കളാഴ്ച ദേവികുളം റേഞ്ച് ഓഫിസിൽ വച്ച് ദേവികുളം എംഎൽഎയുടെ അധ്യക്ഷതയിൽ ചർച്ച നടക്കും.