ഇടുക്കി: ആനയിറങ്കല്‍ ഹൈഡല്‍ ടൂറിസം സെന്‍ററില്‍ കാട്ടാന ആക്രമണം. ഡാം നീന്തിക്കടന്നെത്തിയ ചക്കക്കൊമ്പൻ എന്ന കാട്ടാനയാണ് ആക്രമണം നടത്തിയത്. ടൂറിസം ആക്‌ടിവിറ്റികള്‍ക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങളും കസേരകളും കാട്ടാന നശിപ്പിച്ചു.
ഇന്ന്(14-1-2023) രാവിലെ ഒന്‍പതോടെയാണ് ആനയിറങ്കലിലെ ബോട്ടിങ് സെന്‍ററിലേക്ക് ചക്കക്കൊമ്പൻ നീന്തിയെത്തിയത്. സമീപത്ത് സ്ഥാപിച്ചിരുന്ന സോളാര്‍ വേലി മറികടന്ന് എത്താത്തതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ടൂറിസം സെന്‍ററിലെ ജീവനക്കാരും വിനോദ സഞ്ചാരികളും അത്ഭുതകരമായാണ് രക്ഷപെട്ടത്.
രാവിലെയായതിനാൽ ഇവിടെ വലിയ തിരക്ക് ഉണ്ടായിരുന്നില്ല. ജീവനക്കാരും സഞ്ചാരികളും ബഹളം വച്ചതോടെ ചക്കക്കൊമ്പൻ പിന്തിരിയുകയായിരുന്നു. തുടര്‍ന്ന് വാച്ചര്‍മാര്‍ ആനയെ സമീപത്തെ തോട്ടത്തിലേക്ക് തുരത്തിയോടിച്ചു.
ഏതാനും ദിവസങ്ങളിലായി മേഖലയില്‍ കാട്ടാന ശല്യം അതിരൂക്ഷമാണ്. കഴിഞ്ഞ ദിവസം ബൈക്ക് യാത്രികന്‍ കാട്ടാനയുടെ മുന്നില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. സമീപ പ്രദേശമായ ശങ്കരപാണ്ഡ്യന്‍ മെട്ടില്‍ രണ്ട് വീടുകളും കഴിഞ്ഞ ദിവസം ആന തകര്‍ത്തിരുന്നു.