ഇടുക്കി: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഭിന്നശേഷിക്കാരന് ഗുരുതര പരിക്ക്. സേനാപതി ഒട്ടാത്തിക്കാനം സ്വദേശി കെജെ തോമസിനാണ് കാട്ടുപന്നിയുടെ അക്രമണത്തില്‍ പരിക്കേറ്റത്. ഞായറാഴ്‌ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന തോമസിന് മുകളിലേയ്ക്ക് കാട്ടുപന്നി ചാടിവീഴുകയായിരുന്നു. ആക്രമണത്തിൽ സ്‌കൂട്ടറുമായി കൊക്കയിലേക്ക് പതിച്ച തോമസ് മരക്കുറ്റിയിൽ പിടിച്ച് രക്ഷപ്പെടുകയായിരുന്നു. മുന്നൂറടിയോളം താഴ്‌ചയുള്ള കൊക്കയിലേക്കാണ് വീണത്.
വീഴ്‌ചയിൽ തോമസിന്‍റെ തോളെല്ലിനും വാരിയെല്ലിനും പരിക്കേറ്റു. മുന്നൂറടി താഴ്‌ചയിലേക്ക് പതിച്ച സ്‌കൂട്ടർ പൂർണമായും തകർന്നു. ഇടുക്കിയില്‍ ഭിന്നഷേശിക്കാരുടെ യോഗത്തിൽ പങ്കെടുത്ത് മടങ്ങവെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. 2008ൽ കോട്ടയത്ത് വച്ച് നടന്ന വാഹനാപകടത്തിൽ ഇദ്ദേഹത്തിന്‍റെ വലതുകാൽ നഷ്‌ടപ്പെട്ടിരുന്നു.
അടുത്തിടെയായി പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണ്. പന്നി ശല്യത്തെ തുടർന്ന് കൃഷി ചെയ്യാൻ കഴിയാത്ത സാഹചര്യമാണെന്ന് പ്രദേശത്തെ കര്‍ഷകരും പറയുന്നു. അനുദിനം വര്‍ധിച്ച് വരുന്ന വന്യമൃഗ ശല്യത്തിന് അടിയന്തര പരിഹാരം കാണാന്‍ വനംവകുപ്പ് കാര്യക്ഷമമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ്.