ഇടുക്കി : തമിഴ്‌നാട് വന മേഖലയോട് ചേര്‍ന്നുകിടക്കുന്ന ഇടുക്കിയുടെ അതിര്‍ത്തി മേഖലകളില്‍ വന്യമൃഗ ശല്യം രൂക്ഷമാകുന്നു. കരടിയും കാട്ടുപോത്തും ജനവാസ മേഖലയില്‍ ഇറങ്ങുന്നത് പതിവായതോടെ ആശങ്കയിലാണ് നാട്ടുകാര്‍. വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ പുലി ഇറങ്ങുന്നതായും നാട്ടുകാര്‍ പറയുന്നു.
ചക്കുപളം ഗ്രാമപഞ്ചായത്തിലെ തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന വലിയ പാറ, ചെല്ലാര്‍ കോവില്‍, ആറാംമൈല്‍ പ്രദേശങ്ങളിലാണ് വന്യമൃഗ ശല്യം രൂക്ഷമായിരിക്കുന്നത്. കാട്ടുപോത്തും കാട്ടുപന്നിയും കൃഷിയിടങ്ങളില്‍ നാശം വിതയ്ക്കുന്നത് പതിവാണ്. ഏതാനും ദിവസങ്ങളായി വലിയ പാറ മേഖലയില്‍ കരടി എത്തുന്നതായും നാട്ടുകാര്‍ പറയുന്നു.
ALSO READ: പാലക്കാട്ട് നവജാത ശിശു മരിച്ചു ; അട്ടപ്പാടിയില്‍ ഈവര്‍ഷം ഇതുവരെ നാലാമത്തെ സംഭവം
കരിമ്പിന്‍തറ ജോസുകുട്ടി, കിഴക്കേമുറി കുഞ്ഞുമോന്‍ എന്നിവരുടെ വീടുകളുടെ സിറ്റൗട്ടില്‍ കരടി കയറിയെന്നാണ് വീട്ടുകാര്‍ പറയുന്നത്. കൃഷിയിടങ്ങളിലെ തേന്‍ കൂടുകള്‍ ലക്ഷ്യം വെച്ചാണ് കരടികള്‍ എത്തുന്നത്. തേന്‍ എടുത്ത ശേഷം പിന്നീട്, സമീപത്തെ വീടുകളിലേയ്ക്ക് എത്തും.
ഒന്നാംമൈലിന് സമീപം കഴിഞ്ഞ ദിവസം പുലിയിറങ്ങിയതായും നാട്ടുകാര്‍ പറയുന്നു. കിഴക്കേമുറി സാബുവിന്‍റെ വീട്ടിലെ മുയലുകളെ പുലി പിടിച്ചു. വളര്‍ത്തുമൃഗങ്ങളെ ലക്ഷ്യം വെച്ച് പുലി വരുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
വന്യമൃഗ ശല്യം രൂക്ഷമായിട്ടും വനം വകുപ്പ് നടപടി സ്വീകരിയ്ക്കുന്നില്ലെന്ന ആരോപണവുമുണ്ട്.
ALSO READ: ഓര്‍മകളുടെ കൈപിടിച്ച് അച്ഛനൊപ്പം ; ഇടുക്കി അണക്കെട്ട് കാണാന്‍ തക്കുടുവെത്തി