ഇടുക്കി: രാജാക്കാടിന്‍റെ വിവിധ മേഖലകളിൽ മരം വീണ് വ്യാപകമായ വൈദ്യുതി തടസം. ആദിത്യപുരം കോളനിക്ക് സമീപം റോഡിലേക്ക് വലിയ മുരിക്കുമരം ഒടിഞ്ഞുവീണ് മൂന്ന് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ്, വൈദ്യുതി കമ്പികളും പൊട്ടി. പോസ്റ്റുകൾ റോഡിലേക്ക് വീണതിനാൽ വലിയ നഷ്ടങ്ങൾ ഉണ്ടായിട്ടില്ല. കെഎസ്ഇബി ജീവനക്കാരും നാട്ടുകാരും ചേർന്ന് മരം വെട്ടിമാറ്റി റോഡ് ഗതാഗതയോഗ്യമാക്കി. കുത്തുങ്കൽ സബ്ബ് സ്റ്റേഷന് സമീപം മരം വീണ് വൈദ്യുത വിതരണം തടസപ്പെട്ടു.
പന്നിയാർകുട്ടി, ശ്രീനാരായണപുരം, ജോസ്ഗിരി, മുന്നുറേക്കർ, അടിവാരം മേഖലകളിലും മരം വീണ് പോസ്റ്റുകൾ ഒടിഞ്ഞും,വൈദ്യുത ലൈനുകൾ പൊട്ടിവീണും വൈദ്യുത തടസങ്ങൾ ഉണ്ടായിട്ടുണ്ട്. തടസം പരിഹരിക്കുന്നതിനായി മുഴുവൻ ജീവനക്കാരും കനത്ത മഴയെ അവഗണിച്ച് വിവിധ മേഖലകളിൽ ജോലികളിൽ ഏർപ്പെട്ടിരിക്കുകയാണ് .അടുത്ത രണ്ടു മൂന്നു ദിവസങ്ങൾകൊണ്ടേ ഇപ്പോഴുണ്ടായ തടസങ്ങൾ പരിഹരിച്ച് വൈദ്യുതി എത്തിക്കാനാകൂ.