ഇടുക്കി: സൈക്കിള്‍ യാത്രക്ക് കൂടുതല്‍ പ്രചാരം നല്‍കുകയെന്ന ലക്ഷ്യത്തോട് കൊച്ചി പെഡല്‍ ഫോഴ്സ് അംഗങ്ങള്‍ നടത്തിയ സേവ് പ്ലാനറ്റ് സൈക്കിള്‍ യാത്രക്ക് അടിമാലി വാളറയില്‍ സ്വീകരണം നല്‍കി. മൂന്നാര്‍ സന്ദര്‍ശനത്തിന് ശേഷം തിരികെ അടിമാലിയില്‍ എത്തിയ ടീംമംഗങ്ങളെ ഡിടിപിസി സെക്രട്ടറി പിഎസ് ഗിരീഷിന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഈ മാസം 13നായിരുന്നു പെഡല്‍ ഫോഴ്സ് അംഗങ്ങള്‍ കൊച്ചിയില്‍ നിന്നും മൂന്നാറിലേക്ക് യാത്ര തിരിച്ചത്.
വിനോദ സഞ്ചാരമേഖലയെ കൂടുതല്‍ സജീവമാക്കുക,സൈക്കിള്‍ യാത്രക്ക് കൂടുതല്‍ പ്രചാരം നല്‍കുക, വാഹനങ്ങള്‍ മൂലമുണ്ടാകുന്ന മലിനീകരണം പരമാവധി കുറക്കുക തുടങ്ങിയ സന്ദേശങ്ങള്‍ പൊതുജനങ്ങളിലേക്ക് കൂടുതല്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു യാത്രക്ക് രൂപം നല്‍കിയത്. 22 പേരടങ്ങുന്ന സംഘം 300കിലോമീറ്റര്‍ ദൂരമാണ് സവാരിയുടെ ഭാഗമായി മൂന്ന് ദിവസം കൊണ്ട് താണ്ടിയത്. കഴിഞ്ഞ വര്‍ഷവും പെഡല്‍ ഫോഴ്സ് അംഗങ്ങള്‍ സൈക്കിളില്‍ മൂന്നാര്‍ സന്ദര്‍ശനം നടത്തിയിരുന്നു.