ഇടുക്കി: മലയാളികളെ ഒന്നടങ്കം വിഷമത്തിലാക്കിയ വാർത്തയായിരുന്നു ചലച്ചിത്ര താരം അനിൽ നെടുമങ്ങാടിന്‍റെ മുങ്ങി മരണം. ഇതാദ്യമായല്ല സംസ്ഥാനത്ത് മുങ്ങി മരണമുണ്ടാകുന്നത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ജലാശയങ്ങൾ ഒരുക്കി വച്ചിരിക്കുന്ന കെണിയിൽപ്പെട്ട് നിരവധി പേരുടെ ജീവനുകളാണ് ഓരോ ദിവസവും പൊലിയുന്നത്.
പ്രകൃതി ദുരന്തങ്ങളില്‍ മരണപ്പെടുന്നവരെക്കാള്‍ കൂടുതലാണ് സംസ്ഥാനത്തെ ജലാശങ്ങളിലെ അപകടത്തില്‍പെട്ട് ഓരോ വര്‍ഷവും മരിക്കുന്നവരുടെ കണക്ക്. 2019 ൽ 1452 അപകടങ്ങളിലായി 1490 പേരാണ് മരിച്ചത്. റോഡ് അപകടങ്ങൾ കഴിഞ്ഞാൽ ജലാശയങ്ങളിലെ അപകടത്തിൽപ്പെട്ടാണ് കേരളത്തിൽ ഏറ്റവും കൂടുതൽ പേർ മരിക്കുന്നത്. ഒരു ദിവസം ശരാശരി മൂന്നിൽ കൂടുതൽ ആളുകൾ കേരളത്തിൽ മുങ്ങി മരിക്കുന്നുണ്ട്.
മനോഹരവും അപകടങ്ങൾ പതിയിരിക്കുന്നതുമായ നിരവധി ജലാശയങ്ങളാണ് ഹൈറേഞ്ചിലുള്ളത്. നീന്തല്‍ അറിയാവുന്നവര്‍പോലും ഇവിടെ അപകടങ്ങളിൽപ്പെട്ട് മരണപ്പെടുന്ന സാഹചര്യമാണുള്ളത്. മുങ്ങിമരണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള മരണങ്ങൾ ഒഴിവാക്കുന്നതിനായി ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ ബോധവൽക്കരണ പരിപാടികൾ, പരിശീലനങ്ങൾ തുടങ്ങിയവ നടപ്പിലാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. മലയോര മേഖലയിലേക്കെത്തുന്ന വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ളവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രധാന ജലാശയങ്ങളിലും മറ്റും സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പു വരുത്തണമെന്ന ആവശ്യവും ഉയർന്നു വരുന്നുണ്ട്.