ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടിയിലെത്തിയതായും പ്രദേശത്ത് ആദ്യ ജാഗ്രത മുന്നറിയിപ്പ് പുറപ്പെടുവിച്ചതായും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. അണക്കെട്ടിലെ ജലനിരപ്പ് വർധിക്കുന്നതിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും തമിഴ്‌നാട് കൂടുതൽ വെള്ളം കൊണ്ടുപോകുന്നതായും മന്ത്രി അറിയിച്ചു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ അനുവദനീയമായ പരമാവധി സംഭരണ ശേഷി 142 അടിയാണ്. ജലനിരപ്പ് 140 അടിയിൽ എത്തുമ്പോൾ ഷട്ടർ ഉയർത്തുന്നത് സംബന്ധിച്ച് ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിക്കും.
അണക്കെട്ട് തുറക്കേണ്ട സാഹചര്യം വന്നാൽ മാറ്റിപ്പാർപ്പിക്കേണ്ടവരുടെ കണക്കെടുത്തതായും അതിനായി സ്ഥലം സജ്ജമാക്കിയതായും ജില്ല കലക്‌ടർ ഷീബ ജോർജ് ഐഎഎസ് അറിയിച്ചു. പീരുമേട്ടില്‍ രണ്ട് കണ്‍ട്രോള്‍ റുമുകള്‍ തുറന്നു. അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ ജില്ല ഭരണകൂടം സജ്ജമാണെന്നും തീരപ്രദേശങ്ങളിലുള്ളവരെ മാറ്റിപാര്‍പ്പിയ്‌ക്കേണ്ടതിനായുള്ള ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ജില്ല കലക്‌ടർ പറഞ്ഞു.
ഡാം തുറക്കേണ്ട സാഹചര്യം ഉണ്ടായാല്‍ സ്വീകരിയ്‌ക്കേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി ജില്ല ഭരണകൂടം അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിരുന്നു. നദിയുടെ തീരപ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന കുമളി, വണ്ടിപ്പെരിയാര്‍, ഉപ്പുതറ, അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകളിലെ പ്രസിഡന്‍റുമാരെ ഉള്‍പ്പെടുത്തിയാണ് ഓണ്‍ലൈന്‍ യോഗം വിളിച്ചുചേര്‍ത്തത്. റവന്യു, ഫയര്‍ഫോഴ്‌സ്, പൊലിസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
തീരദേശവാസികളെ മാറ്റിപാര്‍പ്പിയ്ക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ അതാത് പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ വേഗത്തിലാക്കും. ഓരോ പഞ്ചായത്തിലും റവന്യു ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സന്നദ്ധ സേനയെ സജ്ജമാക്കും. ഫയര്‍ഫോഴ്‌സിന്റെയും പൊലിസിന്റെയും നേതൃത്വത്തില്‍ വിവിധ മേഖലകളില്‍, അടിയന്തിര ആവശ്യങ്ങള്‍ക്കായി വാഹനങ്ങള്‍ സജ്ജീകരിയ്ക്കും. ഇടുക്കിയില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജില്ലയിലെ മുഴുവന്‍ റവന്യു ഓഫിസുകളും ഞായറാഴ്ച തുറന്ന് പ്രവര്‍ത്തിയ്ക്കുമെന്നും ജില്ല ഭരണകൂടം അറിയിച്ചു.
Also Read: സംസ്ഥാനത്ത് 8909 പേര്‍ക്ക് കൂടി COVID 19 ; 65 മരണം