ഇടുക്കി: അണക്കെട്ടുകളില്‍ അടിഞ്ഞ് കൂടിയ ചെളിയും മണലും നീക്കം ചെയ്യുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പിലായില്ല. ഒരു മഴയില്‍ തന്നെ ജില്ലയിലെ ചെറുകിട അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നു. മഴക്കാലം തുടങ്ങി ദിവസങ്ങൾക്കുള്ളില്‍ തന്നെ കല്ലാര്‍കുട്ടി അണക്കെട്ട് തുറക്കേണ്ടി വന്നു.
2018 മുതല്‍ ഉണ്ടായ മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലുമായി ഒഴുകിയെത്തിയ ചെളിയും മണലും നിറഞ്ഞ് അണക്കെട്ടുകളുടെ ആഴം കുറഞ്ഞു. ഇതോടെ ചെറിയ മഴ പെയ്യുമ്പോള്‍ തന്നെ അണക്കെട്ടുകളിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക് എത്തും. മഴക്കാലമായാല്‍ കല്ലാര്‍കുട്ടി ഉള്‍പ്പെടെയുള്ള ചെറുകിട അണക്കെട്ടുകള്‍ നിരന്തരം തുറക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
ബജറ്റില്‍ തുക വകയിരുത്തി: ഇതിനൊരു പരിഹാരം കാണണമെന്ന നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് അണക്കെട്ടുകളിലെ ചെളിയും മണലും നീക്കം ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ തുക വകയിരുത്തിയത്. നടപടികള്‍ വേഗത്തിലാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി തന്നെ വ്യക്തമാക്കുകയും ചെയ്‌തു. എന്നാൽ കാലവർഷ മുന്നൊരുക്കത്തിന്‍റെ ഭാഗമായി ചെളിയും മണലും നീക്കം ചെയ്യുന്നതിന് ഇത്തവണയും നടപടി സ്വീകരിച്ചില്ല.
വൈദ്യുതി ഉത്‌പാദനം പരമാവധി വര്‍ധിപ്പിച്ചാലും മഴ ശക്തമായി തുടര്‍ന്നാല്‍ ചെറുകിട അണക്കെട്ടുകള്‍ തുറക്കേണ്ടതായി വരും. കടുത്ത വരള്‍ച്ചയില്‍ ജലനിരപ്പ് വളരെ താഴ്‌ന്ന് നിന്നിരുന്ന അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഇത്തവണ മഴ ആരംഭിച്ച് മൂന്ന് ദിവസം പിന്നിട്ടപ്പോള്‍ തന്നെ കല്ലാര്‍കുട്ടി അണക്കെട്ടിന്‍റെ ഒരു ഷട്ടര്‍ ഉയര്‍ത്തേണ്ടി വന്നു.
കെഎസ്‌ഇബിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന കണക്ക് പ്രകാരം പൊന്മുടി അണക്കെട്ടിലെ ജലനിരപ്പ് 55 ശതമാനത്തിലേക്ക് എത്തി. കുണ്ടള 35 ശതമാനവും, മാട്ടുപ്പെട്ടി 38 ശതമാനവും പിന്നിട്ടു. നേര്യമംഗലവും ലോവര്‍ പെരിയാറും പരമാവധി സംഭരണ ശേഷിയിലേക്ക് എത്തുകയാണ്. അതേസമയം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 45 ശതമാനത്തില്‍ താഴെയാണ്.