ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിലെ സ്‌പിൽവേ ഷട്ടറുകൾ തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ പെരിയാറിന്‍റെ തീരങ്ങളിലുള്ളവര്‍ക്കായി എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി ഇടുക്കി കലക്‌ടർ ഷീബ ജോർജ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും തീരദേശവാസികൾ ജാഗ്രത പുലർത്തണമെന്നും അവര്‍ പറഞ്ഞു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138 അടിയിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് ഇടുക്കി കലക്‌ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വണ്ടിപ്പെരിയാർ പഞ്ചായത്ത് ഓഫിസിൽ നടന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് വണ്ടിപ്പെരിയാറിൽ കലക്‌ടറുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗം വിലയിരുത്തി.
സ്‌പിൽവേ വഴി വെള്ളം ഒഴുക്കിവിട്ടാൽ എടുക്കേണ്ട മുന്നൊരുക്കങ്ങൾ യോഗം വിലയിരുത്തി. കൂടാതെ തീരദേശത്തുള്ള 5 വില്ലേജുകളിൽ നിന്ന് 883 കുടുംബങ്ങളെ മാറ്റി പാർപ്പിക്കാനും തീരുമാനമായി.
ALSO READ : സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
വണ്ടിപ്പെരിയാര്‍, അയ്യപ്പൻകോവിൽ തുടങ്ങിയ പ്രദേശത്തെ പഞ്ചായത്ത് സെക്രട്ടറിമാർ, പൊലീസ് ഉദ്യോഗസ്ഥർ, റവന്യൂ അധികൃതർ, ഫയർഫോഴ്‌സ്, കെഎസ്ഇബി ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ വൃഷ്ടി പ്രദേശത്ത് മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.