ഇടുക്കി: ജലവിഭവ വകുപ്പ് മന്ത്രിയുടെ ജില്ലയിൽ കുടിവെള്ള ക്ഷാമം രൂക്ഷം. ഒരാഴ്‌ചയായി ഇടുക്കി രാജകുമാരി മേഖലയിൽ കുടിവെള്ള പമ്പ് തകരാറിലായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. ആയിരത്തോളം കുടുംബങ്ങളും പൊതുമേഖല സ്ഥാപനങ്ങളും ആശ്രയിച്ചിരുന്ന കുടിവെള്ള പദ്ധതിയാണ് ഒരാഴ്‌ചയായി നിലച്ചിരിക്കുന്നത്.
രൂക്ഷമായി കുടിവെള്ളക്ഷാമം
കാലവർഷം എത്താത്തതിനെ തുടർന്ന് പ്രദേശത്ത് രൂക്ഷമായ കുടിവെള്ള പ്രശ്‌നമാണുള്ളത്. ഈ സാഹചര്യത്തിൽ രാജകുമാരി, രാജാക്കാട് ഗ്രാമപഞ്ചായത്തുകളുടെ ഏക ആശ്രയമാണ് സംസ്ഥാന സർക്കാരിന്‍റെ ശുദ്ധജല വിതരണ പദ്ധതി. മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പദ്ധതിക്കായി നിർമിച്ച പമ്പ് ഹൗസുകൾ കാലഹരണപ്പെട്ട അവസ്ഥയിലുമാണ്. നിലവിൽ അമിത വില നൽകി വാഹനത്തിൽ കുടിവെള്ളം വീടുകളിൽ എത്തിക്കുകയാണ് പ്രദേശവാസികൾ.
വേഗത്തിൽ പ്രശ്‌ന പരിഹാരം വേണമെന്ന് നാട്ടുകാർ
കാലഹരണപ്പെട്ട മോട്ടറുകൾ മാറ്റി സ്ഥാപിക്കുകയും തകരാറിലായ പമ്പ് എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വിഷയത്തിൽ ഇടപെട്ട് അടിയന്തര നടപടി സ്വികരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.