ഇടുക്കി: അറവുശാലയിൽ നിന്നും മാലിന്യങ്ങൾ റോഡിലേക്ക് ഒഴുകുന്നതായി പരാതി. വാഴത്തോപ്പ് പഞ്ചായത്തിൻ്റെ ഉടമസ്ഥതയിൽ ചെറുതോണിയിൽ പ്രവർത്തിക്കുന്ന അറവുശാലയിൽ നിന്നാണ് സംസ്ഥാന പാതയിലേക്ക് മലിനജലം ഒഴുകുന്നത്. സാംക്രമിക രോഗ ഭീതിയിൽ നാടും നഗരവും കഴിയുമ്പോഴാണ് ചെറുതോണിയിലെ അറവുശാലയിൽ നിന്നും മലിന ജലം റോഡിലേക്ക് ഒഴുകുന്നത്. മലിനജലവും മാലിന്യങ്ങളും സംസ്‌കരിക്കാൻ യാതൊരു സംവിധാനവും ഇല്ലാതെയാണ് ഇവിടെ അറവുശാല പ്രവർത്തിക്കുന്നത്. മലിനജലം വഴിയാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഒരു പോലെ ബുദ്ധിമുട്ട് സൃഷ്‌ടിക്കുകയാണ്.
ഇടുക്കി മെഡിക്കൽ കോളജിന് സമീപത്ത് കൂടി ഒഴുകിയെത്തുന്ന മലിനജലം തോട് വഴി പെരിയാറിലേക്കാണ് എത്തുന്നത്. വാഴത്തോപ്പ് പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെയും ആരോഗ്യ വിഭാഗത്തിൻ്റെയും അനാസ്ഥയാണ് ഇതിന് കാരണമെന്ന് ബി.ജെ.പി ആരോപിച്ചു. കുറഞ്ഞ വാടകക്ക് ഏറെ കാലങ്ങളായി ഒരു വ്യക്തിക്ക് തന്നെ അറവുശാല നടത്താൻ കെട്ടിടം വിട്ടുനൽകിയതിൽ അഴിമതി ഉണ്ടെന്നും പഞ്ചായത്ത് ഉദ്യോഗസ്ഥർക്കും ഭരണസമിതിക്കും ഇതിൽ പങ്കുണ്ടെന്നും ബി.ജെ.പി പ്രവർത്തകർ ആരോപിച്ചു. അധികൃതർ അടിയന്തരമായി ഇടപെട്ട് അറവുശാലയുടെ പ്രവർത്തനം നിർത്തലാക്കണമെന്നും പ്രശ്‌നം പരിഹരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.